kannur local

ദലിതുകള്‍ക്കെതിരായ ആക്രമണ കേസുകള്‍ ദുര്‍ബലമാവുന്നു; അക്രമത്തിനിരയാകുന്നവര്‍ക്കും കേസ്

കണ്ണൂര്‍: ദലിതുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ ഇരകളുടെ പരാതിയില്‍ കേസെടുക്കുന്ന പോലിസ് ഇവര്‍ക്കെതിരെ കൗണ്ടര്‍കേസും രജിസ്റ്റര്‍ ചെയ്യുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപണം. അക്രമങ്ങള്‍ക്കിരയാവുന്നവര്‍ക്കെതിരെയും കൗണ്ടര്‍കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിരക്ഷ ദലിതുകള്‍ക്ക് കിട്ടാതെ പോവുകുയും ചെയ്യുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരത്തില്‍ കൗണ്ടര്‍കേസ് കൂടുതലായി എടുക്കുന്നതെന്ന് എം ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമര്‍ദ്ദമുണ്ടെന്ന് സംശയിക്കണം.
സാധരണ അടിപിടി, അക്രമക്കേസുകളില്‍ ദലിതുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇരുവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, തീര്‍ത്തും ഏകപക്ഷീയവും ജാതിപ്പേര് പറഞ്ഞുമുള്ള അക്രമങ്ങളില്‍ പോലും ഇരയാക്കപ്പെടുന്ന പട്ടികവര്‍ഗ-പട്ടികജാതിയില്‍പ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുന്ന രീതി പോലിസ് പതിവാക്കിയിരിക്കുകയാണ്.
അക്രമികള്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിപ്പിക്കുന്നതിനും കേസ് ഒന്നുമല്ലാതാക്കുന്നതിനുമാണ് അക്രമത്തിനിരയാവുന്നവര്‍ക്കുമെതിരെയും കേസെടുക്കുന്നതിന്റെ പിന്നിലെ താല്‍പര്യം. കണ്ണൂര്‍ ജില്ലയില്‍ ദലിതുകള്‍ക്ക് നേരെ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിലെല്ലാം അക്രമത്തിനിരയായവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടി. കുട്ടിമാക്കൂലിലെ ദലിത് യുവതികള്‍ക്കെതിരേയെടുത്ത കേസ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
യുവതികളെ അക്രമിച്ചവര്‍ക്കെതിരേ കേസെടുക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്ത ശേഷമാണ് യുവതികള്‍ക്കെതിരേ കടുത്തവകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതോടെ ഇരകളും നിയമനടപടി നേരിടേണ്ടി വരികയാണ്. പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ ചിത്രലേഖയ്‌ക്കെതിരേയുള്ള അക്രമക്കേസില്‍, ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയടുത്ത് മണല്‍ ചാലില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ അയല്‍വാസി കയറിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്ത പോലിസ്, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ യുവതിയുടെ അനുജത്തിക്കെതിരെയും കേസെടുത്തു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന കള്ളപ്പരാതിയിലായിരുന്നു കേസെടുത്തത്. ഇങ്ങിനെ കൗണ്ടര്‍കേസെടുത്ത് ദലിതുകളെ പീഡിപ്പിക്കുന്നത് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ ഉദ്ദേശത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it