ദലിതുകളുടെ ക്ഷേത്രപ്രവേശനം തടഞ്ഞു; ഹാസനില്‍ സംഘര്‍ഷം

ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ സിഗരനഹള്ളി ഗ്രാമത്തിലെ ബസവേശ്വര ക്ഷേത്രത്തില്‍ ദലിതര്‍ക്കു പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും അസിസ്റ്റന്റ് കമ്മീഷണറടക്കം 11 പോലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു. പോലിസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറുണ്ടായി.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ഗ്രാമത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച തുടങ്ങിയ ക്ഷേത്രത്തിലെ ദുര്‍ഗ പരമേശ്വരി ജത്ര മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് ദലിതുകള്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. ഏഴു ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ഉല്‍സവത്തില്‍ പങ്കെടുക്കുന്നത്. സവര്‍ണ ജാതിക്കാരോടൊപ്പം ഉല്‍സവത്തില്‍ പങ്കെടുക്കുന്നതിനാണ് ദലിതര്‍ നിവേദനം നല്‍കിയത്. ജില്ലാ ഭരണാധികാരികള്‍ ആദ്യം ദലിത് പ്രതിനിധികളുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് സവര്‍ണ ജാതിക്കാരുമായി നടന്ന സംഭാഷണങ്ങള്‍ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ചില ദലിത് സ്ത്രീകളോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ രണ്ടു ചേരിയായി തിരിഞ്ഞു. പിന്നീടു നടന്ന സമാധാന ചര്‍ച്ചയ്‌ക്കൊടുവില്‍ സവര്‍ണ വിഭാഗത്തിന്റെ അഭിപ്രായത്തിനു വിരുദ്ധമായി ജില്ലാ ഭരണകൂടം സപ്തംബറില്‍ ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. ഉടന്‍ സവര്‍ണര്‍ ക്ഷേത്രം അശുദ്ധമായെന്നു പറഞ്ഞ് അടച്ചിട്ടു. പിന്നീട് ശുദ്ധികലശത്തിനു ശേഷം ഈ മാസം 25നാണ് ഉല്‍സവത്തിനു വേണ്ടി ക്ഷേത്രം വീണ്ടും തുറന്നത്.
ഇതിനിടെ, ശനിയാഴ്ച ചില ഉദ്യോഗസ്ഥര്‍ ദലിതര്‍ക്കു ക്ഷേത്രത്തിന്റെ അടച്ചിട്ട വാതിലിനു മുമ്പില്‍ പൂജ നടത്താന്‍ അനുമതി നല്‍കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതായി അറിയിക്കുകയും ചെയ്തു. എന്നാല്‍, എച്ച് ഡി രേവണ്ണ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ദലിത് പ്രതിനിധികള്‍ അംഗീകരിച്ചിട്ടില്ല. സവര്‍ണരായ ചില ഉദ്യോഗസ്ഥര്‍ ദലിതുകളെ അപമാനിക്കുകയാണു ചെയ്തതെന്ന് ദലിത് സംഘര്‍ഷ സമിതി പ്രസിഡന്റ് മാവള്ളി ശങ്കര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it