Flash News

ദമ്മാം നാടകവേദിയുടെ ഇരയും വേട്ടക്കാരനും ഏപ്രില്‍ 20ന് അരങ്ങിലെത്തും

ദമ്മാം നാടകവേദിയുടെ ഇരയും വേട്ടക്കാരനും ഏപ്രില്‍ 20ന് അരങ്ങിലെത്തും
X


ദമ്മാം: പ്രമുഖ പ്രൊഫഷനല്‍ നാടക കൂട്ടായ്മയായ ദമ്മാം നാടകവേദിയുടെ നാലാമത് നാടകം 'ഇരയും വേട്ടക്കാരനും' ഏപ്രില്‍ 20ന് അരങ്ങിലെത്തുന്നു. നടനകലയിലൂടെ സമൂഹ നന്മയെ മുന്‍ നിര്‍ത്തി അര്‍ബുദ രോഗികള്‍ക്കൊരു കൈത്താങ്ങ് എന്ന ദൗത്യവുമായി പ്രദര്‍ശനത്തിനൊരുങ്ങിയ നാടകം സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മുഹാദ് വെമ്പായത്തിന്റെ രചനയില്‍ ബിജു പി നീലീശ്വരമാണ് സംവിധാനം ചെയ്യുന്നത്. രണ്ടേക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ 35ല്‍പരം പ്രവാസി കലാകാരന്മാരാണ് വേഷമിടുന്നത്. വൈകീട്ട് 5 മണിക്ക് തുടങ്ങുന്ന രംഗാവിഷ്‌കാരം വീക്ഷിക്കാന്‍ 1000ത്തോളം പേര്‍ക്ക് സൗകര്യമുണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. സമൂഹത്തിലെ വേട്ടയാടപ്പെടുന്നവര്‍ക്കും ഇനി ഇരയാകാന്‍ പോകുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമൂഹത്തിലെ അസമത്വങ്ങള്‍ക്കും തിന്മകള്‍ക്കുമെതിരേ പ്രതികരിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷ ജീവിതത്തിലൂടെയാണ് നാടകം സംസാരിക്കുന്നത്. രംഗപടം വിനോദ് കെ കുഞ്ഞ്, സന്തോഷ് പള്ളിക്കര, ദീപ സംവിധാനം സിജോ പീറ്റര്‍, സംഗീത നിയന്ത്രണം റോബിന്‍ വര്‍ഗീസ്, പരസ്യകല അന്‍ഷാദ് തകടിയേല്‍, നൃത്തസംവിധാനം സരിത നിതിന്‍, സഹ സംവിധാനം ഷാജി ഇബ്രാഹിം, സ്മിത രഞ്ജിത് എന്നിവരാണ് നിര്‍വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0593046054, 0563896933, 0555236457 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പ്രമേയ വൈവിധ്യവും അവതരശൈലിയും കൊണ്ട് വേറിട്ടു നില്‍ക്കുന്ന നാടകം കിഴക്കന്‍ പ്രവിശ്യയിലെ കലാ സ്‌നേഹികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നും സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കടുവ, വേഷം, ശിഖണ്ഡനി എന്നിവയാണ് ദമ്മാം നാടകവേദി മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച നാടകങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ബിജു പി നീലീശ്വരം, ആനന്ദ് പിഷാരടി, ഷാജി ഇബ്രാഹിം, അനില്‍കുമാര്‍ തിരുവനന്തപുരം, അനില്‍ ദമ്മാം, സന്തോഷ് പള്ളിക്കര, വിനോദ് കെ കുഞ്ഞു പങ്കെടുത്തു.
Next Story

RELATED STORIES

Share it