Kottayam Local

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സജികുമാറിനെതിരേ കേസെടുക്കാന്‍ സാധ്യത

ചങ്ങനാശ്ശേരി:  ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  പണിയാനായി സ്വര്‍ണം നല്‍കിയ നഗരസഭാംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സജികുമാറിനെതിരേ കേസെടുക്കാന്‍ സാധ്യത. അന്വേഷണ ചുതല മറ്റൊരു ഡിവൈഎസ്പിക്കു നല്‍കിയ  സാഹചര്യത്തില്‍ ചങ്ങനാശ്ശേരി പോലിസ് ഇതുവരെയും ഇതിനുള്ള നീക്കങ്ങളൊന്നും നടത്തിയിട്ടുമില്ല. ദമ്പതികളുടെ ആത്മഹത്യാ കുറിപ്പില്‍ മരണത്തിനു കാരണം സജികുമാറാണെന്നു രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനാലാണ്  അദ്ദേഹത്തിനെതിരേ കേസെടുക്കാനുള്ള സാധ്യതയേറിയത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലിസ് അന്തിമമായി തീരുമാനത്തിലെത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
ഭരണകക്ഷിയുടെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതായും ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.  പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടില്‍  മരണപ്പെട്ട സുനിലിനു മര്‍ദനമേറ്റതായി പറയുന്നില്ല. ഇതു പോലിസിനെതിരെ വകുപ്പുതല നടപടിക്കുള്ള സാഹചര്യങ്ങളും ഇല്ലാതാക്കിയിട്ടുണ്ട്.  എന്നാല്‍ ദമ്പതികളുടെ മരണം വിവാദമായ സാഹചര്യത്തില്‍ ആര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ അതു സര്‍ക്കാരിനെ കൂടുതല്‍ ഉപരോധത്തിലാക്കുമെന്ന അഭിപ്രായ വും ഉയര്‍ന്നിട്ടുണ്ട്.
ഇതും  സജികുമാറിനെതിരേ കേസെടുക്കാന്‍ പ്രേരണയായിട്ടുണ്ട്. അതേസമയം 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നു സജികുമാര്‍ പറയുമ്പോള്‍ 400 ഗ്രാം മാത്രമാണ് കുറവുവന്നിട്ടുള്ളതെന്നും ഇതില്‍ 100ഗ്രാം തങ്ങള്‍ എടുത്തിട്ടുള്ളതായും ദമ്പതികള്‍ പറയുന്നുണ്ട്.  കണക്കനുസരിച്ചു ബാക്കി 300 ഗ്രാം സ്വര്‍ണമാണ് കിട്ടാനുള്ളതെന്നും വ്യക്തമാണ്. ഇതു സജികുമാര്‍ വീടുപണിക്കായി എടുത്തിരുന്നതായും  ദമ്പ—തികള്‍  ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്.
എങ്കില്‍ എങ്ങനെ 600 ഗ്രാമിന്റെ കണക്കുവന്നു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതു പോലിസ് അധികമായി എഴുതിച്ചതാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.   അതേസയമം സജികുമാര്‍ നല്‍കിയതായി പറയുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ കണ്ടെത്തേണ്ട ചുമതലയും പോലിസില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍  വന്‍തുകയ്ക്കുള്ള സ്വ ര്‍ണം എങ്ങനെ സജികുമാറിന്റെ കയ്യില്‍ വന്നെത്തിയെന്നും ഇതു ഏതു കച്ചവടസ്ഥാപനമാണ് നല്‍കിയതെന്നും കണ്ടെത്തേണ്ടതായിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ കണക്കു സ്വര്‍ണവ്യാപാരശാലകള്‍ നല്‍കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. ഇതിനിടയില്‍ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഒപ്പമുള്ള പണിക്കാരന്‍ രാജേഷിനോട് എട്ടുലക്ഷം രൂപ നല്‍കണമെന്നു പോലിസ് പറഞ്ഞതായും രാജേഷിന്റെ മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കണമെങ്കില്‍ സജികുമാറിനെ ചോദ്യം ചെയ്യാതെ പറ്റുകയില്ല. ഇതും സജിക്കെതിരേ  കേസെടുക്കാന്‍  പോലിസിനെ പ്രേരിപ്പിക്കുന്നതായിട്ടാണ് സൂചന.
Next Story

RELATED STORIES

Share it