തോല്‍വിയറിയാത്ത ബെല്‍ജിയം

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയോടെ മല്‍സരത്തെ സമീപിക്കുന്ന ടീമാണ് ബെല്‍ജിയം. ഗ്രൂപ്പ് ഘട്ടത്തിലെല്ലാം തോല്‍വിയറിയാതെയുള്ള മുന്നേറ്റം. ആധികാരികമായി ഓരോ മല്‍സരവും ബെല്‍ജിയം നിര വിജയം കൈയടക്കി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വിജയം. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരേ തോല്‍ക്കുമെന്നു തോന്നിച്ച മല്‍സരം അവസാന നിമിഷം കൈപ്പിടിയിലൊതുക്കിയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടാന്‍ ബെല്‍ജിയം തയ്യാറെടുക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ഊര്‍ജസ്വലമായ ടീമാണ് ബെല്‍ജിയം. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയാണ് ടീം ലോകകപ്പിനു യോഗ്യത നേടുന്നത്. 10 യോഗ്യതാ മല്‍സരങ്ങളില്‍ നിന്നു 43 ഗോളുകളാണ് ബെല്‍ജിയത്തിന്റെ ചുവപ്പന്‍ ചെകുത്താന്മാര്‍ അടിച്ചുകൂട്ടിയത്. അതായത് ഒരു മല്‍സരത്തില്‍ 4.3 ഗോളിന്റെ ശരാശരി! യോഗ്യതാ മല്‍സരത്തിലെ ഗോള്‍വേട്ട ബെല്‍ജിയം ലോകകപ്പിലും ആവര്‍ത്തിക്കുന്നു. 12 ഗോളുകളാണ് നാലു മല്‍സരങ്ങളില്‍ നിന്ന് ബെല്‍ജിയത്തിന്റെ ചെമ്പട ഇതുവരെ അടിച്ചുകൂട്ടിയത്. ഗോളടി മികവ് ഇന്നും തുടര്‍ന്നാല്‍ ബെല്‍ജിയത്തെ തളയ്ക്കാന്‍ ബ്രസീലിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.
2018 ലോകകപ്പില്‍ ഇതുവരെ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീമും ബെല്‍ജിയം തന്നെ. റൊമേലോ ലുക്കാക്കു, ഡി ബ്രൂയിന്‍, ഏദന്‍ ഹസാര്‍ഡ് തുടങ്ങിയ ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലായതും ബെല്‍ജിയത്തിനു സാധ്യത വര്‍ധിപ്പിക്കുന്നു. ജപ്പാനെതിരേയുള്ള അവസാന മല്‍സരത്തിലെ ആവേശകരമായ വിജയവും ബെല്‍ജിയത്തിന് കരുത്ത് പകരും.  ലോകകപ്പില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ബെല്‍ജിയം ബ്രസീലിനെ നേരിട്ടത്. ജപ്പാനില്‍ നടന്ന 2002 ലോകകപ്പ് മല്‍സരത്തില്‍ ബ്രസീല്‍ ബെല്‍ജിയത്തെ 2-0നു തകര്‍ത്തു.  മൂന്ന് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് മല്‍സരങ്ങളിലും ബ്രസീലിനായിരുന്നു ജയം.
ലോകകപ്പ് കിരീടസാധ്യത കല്‍പിക്കുന്നവരാണ് ഇരു ടീമുകളും. ആക്രമണ ഫുട്‌ബോളിന്റെ രണ്ടു ശൈലികള്‍ ഇന്നു മൈതാനത്ത് ഇറങ്ങുമ്പോള്‍ മല്‍സരം ചൂടുപിടിക്കുമെന്നുറപ്പ്. കാത്തിരുന്നു കാണാം റഷ്യന്‍ ആവേശപ്പോരാട്ടത്തിലെ വിജയികളെ. ഇന്ത്യന്‍ സമയം രാത്രി 7നാണ് മല്‍സരം.
Next Story

RELATED STORIES

Share it