Flash News

തോരാതെ മഴ; മരണം 16

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കഴിഞ്ഞ രണ്ടു ദിവസമായി മരിച്ചവരുടെ എണ്ണം 16 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവിധ ജില്ലകളിലായി കാറ്റിലും മഴയിലും ഉരുള്‍പൊട്ടലിലുമായി കനത്ത നാശനഷ്ടവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. രണ്ടു ദിവസത്തിനിടെ കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും മൂന്നു പേര്‍ വീതവും കാസര്‍കോട്, വയനാട് ജില്ലകളില്‍ രണ്ടു പേര്‍ വീതവും കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി ഒരാള്‍ വീതവും മരിച്ചു.
കുടകില്‍ മലയാളി വ്യവസായി കാറ്റിലും മഴയിലും പെട്ട് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി ശശി(75) മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം തെങ്ങു വീണ് ഗുരുതരമായി പരിക്കേറ്റ  എട്ടു വയസ്സുകാരന്‍ മരിച്ചു. ആറന്‍മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിനു വന്ന കുട്ടി മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
ചേര്‍ത്തല പള്ളിപ്പുറം തിരുനെല്ലൂര്‍ കായലില്‍ കുളിക്കാനിറങ്ങിയ മുഹമ്മ കരിങ്ങണ്ടയില്‍ വിനു (43) മുങ്ങിമരിച്ചു. ഇന്നലെ വിദേശത്തേക്ക് പോകാനിരിക്കെയായിരുന്നു ദുരന്തം. അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കുന്നതിനിടെ ചെങ്ങന്നൂര്‍ പാണ്ടനാട് സുരേഷ് കുമാര്‍ മുങ്ങിമരിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ചീരാല്‍ കുടുക്കിയില്‍ സഹോദരിമാരുടെ മക്കള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ബിദര്‍ക്കാട് ചോലക്കല്‍ ഫിറോസ്-സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഹില്‍ (10), കുടുക്കി കളരിക്കല്‍ ശിഹാബ്-താഹിറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്.
കനത്ത മഴയില്‍ വയനാട് ജില്ലയിലെ വാളാട് പുതുശ്ശേരി റോഡിലെ പുള്ളന്‍പാറ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. എട്ടു കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അപകടം. മണ്ണിടിച്ചിലും ശക്തമായ കാറ്റും ജില്ലയില്‍ വന്‍ കൃഷിനാശമുണ്ടാക്കി. പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്.
ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. അടിമാലി-വാളറ വാടക്കേചാലില്‍ ഉരുള്‍ പൊട്ടി. കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടാന്‍ സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിറ്റ് ഒലിച്ചുപോയി. ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയ ഇവിടെ നിന്ന് ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കി ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു.
എറണാകുളം ജില്ലയില്‍ കോതമംഗലം, പറവൂര്‍ മേഖലയില്‍ 14ഓളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ഇവിടെ 13 വീടുകള്‍ കാറ്റില്‍ തകര്‍ന്നു. കനത്ത മഴയില്‍ നീരൊഴുക്ക് ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിലെ ജലനിരപ്പ് രണ്ടു ശതമാനം ഉയര്‍ന്നു. കെടുതികള്‍ നേരിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
അതേസമയം, സംസ്ഥാനത്ത് 14 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. കര്‍ണാടക, കേരള തീരങ്ങളിലും ലക്ഷദ്വീപിലും 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
Next Story

RELATED STORIES

Share it