Flash News

തോമസ് ചാണ്ടിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി



ആലപ്പുഴ: മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി. മാത്തൂര്‍ കുടുംബാഗവും മുന്‍ എക്‌സൈസ് കമ്മീഷണറുമായ രാമരാജവര്‍മയാണ് ആലപ്പുഴ രാമങ്കരി കോടതിയില്‍ ഹരജി നല്‍കിയത്. തോമസ് ചാണ്ടിയും സഹോദരങ്ങളും മുന്‍ റവന്യൂ ഉദ്യോഗസ്ഥരുമടക്കം 17 പേര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. ഹരജി അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. വ്യാജരേഖ ചമച്ച് മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തത്. തോമസ് ചാണ്ടിയും കുടുംബാംഗങ്ങളും മുന്‍ റവന്യു ഉദ്യോഗസ്ഥരുമടക്കം 17 പേര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. 2001ല്‍ വ്യാജ മുക്ത്യാറിന്റെ അടിസ്ഥാനത്തില്‍ തീരാധാരമുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ഹരജിയിലെ പ്രധാന ആക്ഷേപം. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖകളിലൂടെ ചേന്നങ്കരി പള്ളിക്കല്‍ ശാന്തമ്മ ആന്റണിയുടെയും അഞ്ചു മക്കളുടെയും പേരിലേക്കു മാറ്റുകയും ഇവരുടെ വ്യാജ ഒപ്പും മേല്‍വിലാസവുമുണ്ടാക്കി ഭൂമി തോമസ് ചാണ്ടി മകളുടെയും സഹോദരന്‍മാരുടെയും ഭാര്യാസഹോദരിയുടെയും പേരിലേക്ക് രജിസ്റ്റര്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. അന്നത്തെ കുട്ടനാട് തഹസില്‍ദാര്‍, ഭൂരേഖ തഹസില്‍ദാര്‍, സബ് രജിസ്റ്റാര്‍ ഓഫിസര്‍, ആധാരമെഴുത്തുകാര്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് മാത്തൂര്‍ കുടുംബം കോടതിയെ സമീപിച്ചത്. ഹരജി അടുത്ത തിങ്കളാഴ്ച രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. തോമസ് ചാണ്ടിയുടെ വിശദമായ വാദംകൂടി കേട്ടശേഷമാവും കേസെടുക്കണോ എന്ന കാര്യത്തില്‍ കോടതി അന്തിമ തീരുനാമെടുക്കുക.
Next Story

RELATED STORIES

Share it