Idukki local

തോട്ടം മേഖലയില്‍ ഡെങ്കിപ്പനി



വണ്ടിപ്പെരിയാര്‍: തോട്ടം മേഖലയില്‍ ഡങ്കിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് ആറു പേര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്. വണ്ടിപ്പെരിയാറ്റിലും പരിസര മേഖലയിലും മാത്രം അഞ്ച് പേര്‍ക്കും പീരുമേട്ടില്‍ ഒരാള്‍ക്കുമാണ് ഡങ്കിപ്പനി ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചത്. ജില്ലാതല രോഗപ്രതിരോധ വിഭാഗം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ആശുപത്രികളില്‍ പനിയുമായി എത്തുന്ന രോഗികളില്‍ സംശയം തോന്നുന്നവരുടെ രക്തം കൂടുതല്‍ പരിശോധനയ്ക്കായി അടിമാലിയിലെ സര്‍ക്കാര്‍ ലാബില്‍ എത്തിച്ച് പരിശോധനയ്ക്ക് ശേഷമാണ് ജില്ലാ മെഡിക്കല്‍ സംഘം രോഗം സ്ഥിരീകരിക്കുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം  യോഗം ചേര്‍ന്നു. വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍  യോഗം ചേര്‍ന്നത്. തോട്ടം മേഖലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് .കുടിവെള്ള ക്ഷാമം രൂക്ഷമായത് മൂലം വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പലരും ഉപയോഗിക്കുന്നത്. ശുദ്ധീകരിക്കാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകുകളിലൂടെയാണ് ഡങ്കി പടരുന്നത്. കടുത്ത പനി, സന്ധിവേദന, കണ്ണിനു പിറകില്‍ വേദന, എന്നിവയാണ് ഡങ്കിപ്പനിയുടെ  ലക്ഷണങ്ങള്‍. ശേഖരിച്ചു വെക്കുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കുക, മാലിന്യം കൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക, കൊതുകു വളരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരണ പ്രവര്‍ത്തനം നടത്തുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ജില്ലാ ഓഫിസര്‍ ഡോ: സുഷമ, ജില്ലാ മലേറിയ വിഭാഗം ഓഫിസര്‍ കെ എന്‍ വിനോദ്, ഇന്‍സ്‌പെക്ടര്‍ എം എം സോമി, പി ജി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് രോഗത്തെ കുറിച്ച് ഫീല്‍ഡ് തല പഠനം നടത്തിയത്. കഴിഞ്ഞ മാസം ഈ മേഖലകളില്‍ ചിക്കന്‍ പോക്‌സ് വ്യാപകമായിരുന്നു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി കഴിഞ്ഞ ദിവസം  നടത്തിയ യോഗത്തില്‍ ഡോ: ഡോണ്‍ ബോസ്‌കോ, എച്ച്.എസ്.മുഹമ്മദ് ഷരീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it