kozhikode local

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തില്ല

വടകര: കോണ്‍ഗ്രസ് പ്രതിനിധിയായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ തിരുവള്ളൂര്‍ മുരളിയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തില്ല. യുഡിഎഫിലെ ആറ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാലത്ത് 11 .30ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഡി ഫിലിപ്പ് അവിശ്വാസത്തിന്മേല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫിലെ ആറ് അംഗങ്ങള്‍ മാത്രമേ ഹാജരായിരുന്നുള്ളൂ. 13 അംഗ ഭരണസമിതിയില്‍ ഏഴ് അംഗങ്ങള്‍ എങ്കിലും പങ്കെടുത്താല്‍ മാത്രമെ പ്രമേയം ചര്‍ച്ച ചെയ്യേണ്ടതുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിക്കുകയായിരുന്നു. അതേസമയം നേരത്തെ പൊതു വഴിയില്‍ മണ്ണിട്ടതുമായി ബന്ധപ്പെട്ടുണ്ടാ സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീയടക്കമുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡണ്ട് അറസ്റ്റിലായതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുരളിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇടതു മുന്നണിയുടെ ആറ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. മുരളിയും, ഇടതു അംഗങ്ങളും വിട്ടു നിന്നതോടെ കോറം തികയാത്തതിനെ തുടര്‍ന്നാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുകയോ, പാസ്സാക്കുകയോ ചെയ്യാതിരുന്നത്. ഇതോടെ മുരളിയ്ക്ക് ആറു മാസം കൂടി പ്രസിഡണ്ടായി തുടരാം.കോണ്‍ഗ്രസ്സ് അംഗങ്ങളായ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബവിത്ത് മലോല്‍, സുനിത താളികണ്ടി, മുസ്‌ലിം ലീഗ് അംഗങ്ങളായ എസി ഹാജിറ,എംസാജിത,ജനതാദള്‍ (യു)അംഗം സുമ തൈക്കണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡണ്ട് മുരളിയ്ക്കും യുഡിഎഫ് വിപ്പ് നല്‍കിയിരുന്നു. തന്നിലുള്ള ആത്മവിശ്വാസം നഷ്ട്ടപെട്ടതിനാലാണ് പ്രസിഡണ്ട് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം യുഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it