malappuram local

തൊഴില്‍ തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കു കുത്തേറ്റു

എടക്കര: തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പിതാവിനും പിതൃസഹോദരനും കുത്തേറ്റു. മുണ്ടേരി ബ്രാഞ്ച് സെക്രട്ടറി കല്ലിങ്ങല്‍ ബിനീഷ്(27), പിതാവ് വര്‍ക്കി(48), പിതൃസഹോദരന്‍ പൗലോസ്(50) എന്നിവര്‍ക്കാണ് തോട്ടമുടയുടെയും മകന്റെയും കുത്തേറ്റത്.
പരിക്കേറ്റവരെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബിനീഷിന് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മുറംതൂക്കിയിലെ കല്ലിങ്ങല്‍ ബാപ്പുട്ടി എന്ന അഹമ്മദ്കുട്ടി(54)യെ പോത്തുകല്‍ പോലിസ് അറസ്റ്റ് ചെയ്തു. മകന്‍ സജീര്‍(30) സംഭവത്തിന് ശേഷം ഒളിവിലാണ്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. അഹമ്മദ്കുട്ടിയുടെ മകളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ജോസ് എന്നയാളാണ് ടാപ്പിങ് നടത്തിക്കൊണ്ടിരുന്നത്. ടാപ്പിങ് മോശമാണെന്ന് പറഞ്ഞ് ഇയാളെ ജോലിയില്‍ നിന്നു പരിച്ചുവിട്ടിരുന്നു. എട്ട് വര്‍ഷം സര്‍വീസുള്ളതിനാല്‍ സര്‍വീസ് പണം ആവശ്യപ്പെട്ടെങ്കിലും തോട്ടമുടമ നല്‍കാന്‍ തയ്യാറായില്ല. പലതവണ വിഷയം ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഉടമ നല്‍കാന്‍ തയ്യാറായില്ല. ഇതിനിടെ ജോസിനെതിരേ തോട്ടമുടമയുടെ മകള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ തോട്ടത്തില്‍ പുതിയ ആളെ വച്ച് ഉടമ ടാപ്പിങ് നടത്താന്‍ ആരംഭിച്ചു. ഇന്നലെ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബിനീഷ് ആളുകളെ കൂട്ടി തോട്ടത്തിലെത്തി. മുന്‍പുണ്ടായിരുന്ന തൊഴിലാളിയുടെ പ്രശ്‌നം തീര്‍പ്പാക്കുന്നത് വരെ ടാപ്പിങ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. ടാപ്പിങ് കത്തികൊണ്ടാണ് ബിനീഷിനെ അഹമ്മദ്കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബിനീഷിന്റെ വാരിയെല്ലുകള്‍ക്ക് താഴെയാണ് കുത്തേറ്റത്. സംഭവമറിഞ്ഞെത്തിയ വര്‍ക്കിക്കും സഹോദരന്‍ പൗലോസിനും അക്രമം തടയുന്നതിനിടെയാണ് കുത്തേറ്റത്. ഇരുവര്‍ക്കും കൈക്കും പുറത്തും വെട്ടേറ്റിട്ടുണ്ട്. നീളമുള്ള കത്തികൊണ്ടാണ് ഇവരെ ആക്രമിച്ചതെന്ന് പറയുന്നു.
ഇവരും പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ അഹമ്മദ് കുട്ടിയുടെയും മകന്‍ സജീറിന്റെയും പേരില്‍ വധ്രശമത്തിന് പോത്തുകല്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it