തൊഴില്‍നയം സമഗ്രവികസനം സാധ്യമാക്കും: മന്ത്രി

തിരുവനന്തപുരം:  തൊഴില്‍നയം സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍നയം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളം തൊഴില്‍ സൗഹൃദ, നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുകയാണ്. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ചും  സാമൂഹികസുരക്ഷ ഉറപ്പുവരുത്തിയുമാണ്  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇന്നത്തെ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല നിലവില്‍ കേരളത്തിലെ  തൊഴില്‍മേഖലയിലുള്ളത്.
മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊഴില്‍രംഗത്തും പ്രകടമായ മാറ്റങ്ങളും പുരോഗതിയും ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയുടെയും സമഗ്രവികസനത്തിന്റെയും സുപ്രധാന ഘടകങ്ങളില്‍ ഒന്ന് സമാധാനപരവും സംതൃപ്തവും സദാ പ്രവര്‍ത്തനനിരതവുമായ തൊഴില്‍മേഖലയാണ്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരളത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴില്‍നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it