Editorial

തൊഴിലുറപ്പ് തൊഴിലാളികള്‍ കാര്‍ഷിക രംഗത്ത് വേണം

തൊഴിലുറപ്പ് തൊഴിലാളികള്‍ കാര്‍ഷിക രംഗത്ത് വേണം
X

കെ എം സലീം, പത്തനാപുരം

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ശ്രദ്ധേയമായ രണ്ടു തീരുമാനങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും. ഇതില്‍ തൊഴിലുറപ്പു പദ്ധതി കൊണ്ട് ഏറെ പ്രയോജനം ലഭിച്ചത് പിന്നാക്കമായ സ്ത്രീകള്‍ക്കായിരുന്നു. രാജ്യത്തെ വന്‍കിടക്കാരുടെ നിയന്ത്രണങ്ങളിലുള്ള തൊഴില്‍സ്ഥാപനങ്ങളിലും കൃഷിഭൂമികളിലും നാമമാത്രമായ കൂലിക്കു വേണ്ടി ഉദയം മുതല്‍ അസ്തമയം വരെ തൊഴിലെടുത്തുകൊണ്ടിരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രതിദിനം 229 രൂപ കൂലി ലഭിക്കുന്ന 100 തൊഴില്‍ദിനങ്ങള്‍ നിയമപരമായ അവകാശമായി മാറി. അതിനാല്‍, അവര്‍ക്ക് അന്യരെ ആശ്രയിക്കാതെ പണം കണ്ടെത്താനായി എന്നതാണ് ദേശീയ തൊഴിലുറപ്പു പദ്ധതി കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷ പിന്തുണയോടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ മഹത്തരവും മനുഷ്യത്വപരവുമായ തീരുമാനമെന്ന നിലയിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും ദേശീയ തൊഴിലുറപ്പു പദ്ധതിയെന്ന നിയമത്തെക്കുറിച്ച് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയില്‍ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി കൈക്കൊണ്ടിട്ടുള്ള മറ്റനേകം പദ്ധതികള്‍ പോലെത്തന്നെ ദേശീയ തൊഴിലുറപ്പു പദ്ധതിയും നിലവില്‍ അതിജീവനത്തിനു വേണ്ടി ഭരണാധികാരികളുടെ ഔദാര്യം കാത്തിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയില്‍ അംഗമായി നിശ്ചിത ദിവസം തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ തടസ്സമില്ലാതെ വേതനം ലഭിച്ചുകൊണ്ടിരുന്ന അവസ്ഥ ഇന്നു പഴങ്കഥയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യതക്കുറവു കാരണം ഏറെ പ്രയാസവും സാമ്പത്തിക നഷ്ടവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാര്‍ഷിക വൃത്തിക്ക് അനുയോജ്യമായ കൃഷിഭൂമി തരിശായിക്കിടക്കുന്നതും ധാരാളമായി കാണാവുന്നതാണ്. കൃഷി ചെയ്യാന്‍ ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതും, കൃഷിക്ക് തയ്യാറാവുന്ന തൊഴിലാളികള്‍ക്ക് കൂലി കൂടുതലാണ് എന്നതും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ കടക്കെണിയില്‍ അകപ്പെടുമെന്ന ഭയാശങ്ക മൂലവുമാണ് കേരളത്തിലെ കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി തരിശാക്കിയിടുന്നത്. വേനല്‍ക്കാലത്തെ ജലക്ഷാമം തരണം ചെയ്യുന്നതിനു വേണ്ടി കുളങ്ങള്‍ വൃത്തിയാക്കുകയും കിണറുകള്‍ നിര്‍മിക്കുകയും താല്‍ക്കാലിക തടയണകള്‍ സജ്ജമാക്കുകയും ചെയ്യുന്നതിലൂടെ തൊഴില്‍മേഖലയില്‍ സജീവമാവുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ ഇടവപ്പാതിയോടുകൂടി പാതയോരങ്ങളില്‍ പൊങ്ങിവരുന്ന കുറ്റിച്ചെടികളും പുല്‍ക്കാടുകളും വെട്ടിമാറ്റാന്‍ നിയോഗിക്കപ്പെടുന്നതായാണ് കണ്ടുവരാറുള്ളത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം പറയത്തക്ക പ്രയോജനമില്ലാത്തതും സര്‍ക്കാരിന് ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കുന്നതിനു പകരമായി കേരളത്തിലെ കാര്‍ഷിക മേഖലകളില്‍ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനങ്ങള്‍ ലഭ്യമാക്കുകയും കൃഷി തൊഴിലുറപ്പു സംഘത്തിന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കി ആദായം അവര്‍ക്കുതന്നെ ലഭിക്കുന്ന രീതിയിലേക്കു മാറ്റുകയും ചെയ്താല്‍ കാര്‍ഷിക മേഖല പരിപോഷിപ്പിക്കാവുന്നതാണ്. നിലവില്‍ തൊഴിലാളികളെ ലഭിക്കാത്തതിനാലും ലഭിക്കുന്ന തൊഴിലാളികള്‍ക്ക് കൂലി കൂടുതലാണെന്ന കാരണത്താലും കൃഷിഭൂമി തരിശാക്കിയിടുന്ന കര്‍ഷകര്‍ അവരുടെ ഭൂമിയില്‍ കൃഷിയിറക്കാന്‍ താല്‍പര്യപ്പെടുകയും തദ്ഫലമായി കേരളം ഭക്ഷ്യോല്‍പാദന മേഖലയില്‍ സ്വയംപര്യാപ്തമാവുകയും ചെയ്യുമെന്ന യാഥാര്‍ഥ്യം ഉത്തരവാദപ്പെട്ടവര്‍ ഇനിയും തിരിച്ചറിയാന്‍ വൈകരുത്.
Next Story

RELATED STORIES

Share it