Pathanamthitta local

തൊഴിലുറപ്പു പദ്ധതി : തൊഴില്‍ദിനങ്ങള്‍ കുറയുന്നതായി കണക്കുകള്‍



പത്തനംതിട്ട: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ ലേബര്‍ ബജറ്റിന്റെ 41 ശതമാനം നേട്ടം കൈവരിച്ചു. 18.54 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ജില്ലയില്‍ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍ ബജറ്റ്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 7,52,674 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.  സംസ്ഥാന ശരാശരി 36.68 ആണ്. അംഗീകരിച്ച പദ്ധതി അടങ്കലായ 79.72 കോടിയില്‍ 24.31 കോടി  രൂപയാണ് ഇതുവരെയുളള ചെലവ.് മുന്‍ വര്‍ഷം ഇതേ സമയം ലേബര്‍ ബജറ്റിന്റെ 48 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനമാണ് ജില്ലയ്ക്ക്. പറക്കോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയില്‍ മികവു കാട്ടി മുന്നേറുകയാണ്. ഇവിടെയുളള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി ലക്ഷ്യമിട്ട തൊഴില്‍ ദിനങ്ങളില്‍ 66 ശതമാനത്തോളം ഇതിനകം കൈവരിച്ചു കഴിഞ്ഞു. റാന്നി 46.15, മല്ലപ്പളളി 32.16 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന മറ്റു ബ്ലോക്കുകളിലെ സ്ഥിതി. ഇലന്തൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് 15.24 ശതമാനം. കോയിപ്രം 20.68, പുളിക്കീഴ് 22 എന്നിങ്ങനെയാണ് പിന്നില്‍ നില്‍ക്കുന്ന മറ്റു ബ്ലോക്കുകള്‍ നല്‍കിയ തൊഴില്‍ദിനങ്ങള്‍. പന്തളം 28, കോന്നി 23 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കൊടുമണ്‍ ഗ്രാമപഞ്ചായത്താണ്. ആകെ ലേബര്‍ ബജറ്റിന്റെ 61.48 ശതമാനം. കടമ്പനാട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 53 ശതമാനത്തിലധികം തുക ചെലവഴിച്ചു മികച്ച നിലയിലാണ്. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ ലക്ഷ്യമിട്ട 70,410 ദിനങ്ങളില്‍ 60,505 ഉം (86%) നല്‍കി കഴിഞ്ഞു. യഥാക്രമം 77.75 ശതമാനം വീതം തൊഴില്‍ ദിനങ്ങള്‍ നല്‍കി  ഏറത്ത്, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളും മുന്നേറുകയാണ്. ജില്ലയില്‍ ഏറ്റവും കുറവ് തുക ചെലവഴിച്ചത് മലയാലപ്പുഴ ഗ്രാമപഞ്ചായത്താണ്. ഇവിടെ ഇതുവരെ 7.49 ശതമാനം മാത്രമാണ് ചെലവ്. അരുവാപ്പുലം, മൈലപ്ര ഗ്രാമപഞ്ചായത്തുകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവ്. കേരളം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിനാല്‍ പദ്ധതിയില്‍ ഒരു കുടുംബത്തിന് 150 ദിവസം വരെ തൊഴില്‍ നല്‍കാം. ജില്ലയില്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകൊച്ചു എന്ന തൊഴിലാളിയുടെ കുടുംബമാണ്  ഇതുവരെ 150 ദിവസം തൊഴില്‍ നേടിയത്. 33 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനായി.  ഡിസംബറിനകം ലക്ഷ്യമിട്ട ലേബര്‍ ബജറ്റിന്റെ 75 ശതമാനത്തിലധികം നേടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഡിസംബറോടെ 15,85,263 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം. മാര്‍ച്ച് മാസത്തോടെ പദ്ധതി നൂറ് ശതമാനവും ലക്ഷ്യം കൈവരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it