Pravasi

തൊഴിലാളികള്‍ക്കായി മൂന്ന് പുതിയ ആശുപത്രികള്‍



ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് മൂന്ന് പുതിയ ആശുപത്രികള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് അവരുടേതായ സ്വന്തം ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്  പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. അവിടത്തെ  തൊഴിലാളികള്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലുള്ള അകലത്തിലായിരിക്കും പുതിയ ആശുപത്രി പ്രവര്‍ത്തിക്കുക. കാലതാമസമില്ലാതെ ആരോഗ്യസേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാ തൊഴിലാളികള്‍ക്കും അവരുടെ ആരോഗ്യതിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. രാജ്യത്തെ പുരുഷ തൊഴിലാളികള്‍ക്കായി മൂന്ന് ആശുപത്രികളാണ് തുടങ്ങുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു പുറമെ അല്‍ശമാല്‍, ഉംസൈദ് എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ക്കുള്ള പുതിയ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങുക. ഏഷ്യന്‍ ടൗണില്‍ ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തിയ തൊഴിലാളി ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തൊഴിലാളികളുടെ തൊഴില്‍ ജീവിതനിലവാരം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. എല്ലാ വര്‍ഷവും  തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരികയാണ്. നിരവധി തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതിക വിദ്യകളുടേയും ഇന്റര്‍നെറ്റിന്റേയും സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. എംബസികള്‍ക്ക് വേഗത്തില്‍ തൊഴിലാളികളുമായി സംവദിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. സമഗ്ര ബോധവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മികച്ച ആരോഗ്യ സേവനം നല്‍കുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യം കൈവരിക്കാനായാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it