thiruvananthapuram local

തൊഴിലാളികളെ തൊഴില്‍സംരംഭകരാക്കുന്ന പദ്ധതിയുമായി കരകൗശല വികസന കോര്‍പറേഷന്‍

തിരുവനന്തപുരം: കരകൗശല തൊഴിലാളികള്‍ക്ക് വരുമാന വര്‍ധനവും പുതിയ അവസരങ്ങളും നല്‍കാനുള്ള പദ്ധതികളുമായി കരകൗശല വികസന കോര്‍പറേഷന്‍. തൊഴിലാളികളെ തൊഴില്‍സംരംഭകരായി മാറ്റുന്ന വിധത്തില്‍ 286.50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്.
നൈപുണി വികസന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, ആധുനിക ടൂള്‍ കിറ്റുകളുടെ പരിശീലനവും അവയുടെ വിതരണവും എന്നിവയാണ്  പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞതായി കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍  പറഞ്ഞു. ആദ്യഘട്ടത്തില്‍ 200 തൊഴിലാളികളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. മാധ്യമങ്ങള്‍ വഴി പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. ഇതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.
ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ഹാന്റിക്രാഫ്റ്റ്‌സ്) ഗവ. ഓഫ് ഇന്ത്യ, വ്യവസായ വികസന ഡയറക്ടറേറ്റ്, കേരള സംസ്ഥാന വ്യവസായ വകുപ്പ്, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവരുടെ പ്രതിനിധികളും ഒരു മാനേജ്‌മെന്റ് വിദഗ്ധനും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. 40 പേരടങ്ങിയ അഞ്ച് ബാച്ചുകളായിട്ടായിരിക്കും പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ആദ്യം കരകൗശല വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ തൊഴില്‍ നൈപുണി പരിശീലനം നല്‍കും. സംരംഭകത്വ വികസന ക്ലാസുകള്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം ആയി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആണ് നടത്തുന്നത്.
തുടര്‍ന്ന് തൊഴിലാളികള്‍ക്ക് 50,000 രൂപ വില വരുന്ന ആധുനിക ടൂള്‍ കിറ്റുകളും ഉപകരണങ്ങളും ആവശ്യമായ അസംസ്‌കൃത വസ്തുക്കളും സൗജന്യമായി നല്‍കും. ഏഴു ദിവസമാണ് പരിശീലനം. തൊഴിലാളിക്ക് ദിവസേന 500 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. യാത്രാച്ചെലവുകളും കോര്‍പറേഷന്‍ വഹിക്കും.
വരുമാന വര്‍ധനവിനും മെച്ചപ്പെട്ട വിപണന സാധ്യതകള്‍ ഒരുക്കാനും സര്‍ക്കാരിന്റെയും കേരള സംസ്ഥാന കരകൗശല കോര്‍പറേഷന്റെയും പിന്തുണ ലഭിക്കും. കരകൗശല വികസന കോര്‍പറേഷനില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ തൊഴിലാളികള്‍ക്ക് വായ്പ ലഭ്യമാക്കാനും കോര്‍പറേഷന്‍ മുന്‍കൈയെടുക്കും.
തൊഴിലാളികള്‍ നിര്‍മിക്കുന്ന കരകൗശല ഉല്‍പന്നങ്ങള്‍ കോര്‍പറേഷന്റെ രാജ്യത്തുടനീളമുള്ള 20 ഷോറൂമുകള്‍ വഴി വിപണനസൗകര്യങ്ങള്‍ ഒരുക്കും. ഇടനിലക്കാരില്ലാതെ തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്താനും അവസരം ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കരകൗശല വികസന കോര്‍പറേഷന്‍ എംഡി എസ് എം ആരിഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it