Idukki local

തൊടുപുഴ നഗരസഭയില്‍ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു



തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ രണ്ട് പദ്ധതികള്‍ക്കൂടി ഉദ്ഘാടനം ചെയ്തു. അതേസമയം, യോഗത്തിനിടെ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധം കല്ലുകടിയായി. വാര്‍ഡ് മെമ്പറായ കൗണ്‍സിലര്‍ എത്താന്‍ താമസിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടനയോഗം തുടങ്ങിയതാണു പ്രശ്‌നമായത്. ഇതിനിടെ ഉദ്ഘാടനങ്ങള്‍ നടക്കുകയും ചെയ്തു. ആധുനികരീതിയില്‍ നിര്‍മിച്ച നിര്‍മല്‍ ഫ്രഷ്‌നസ് സെന്റര്‍ (ആധുനിക ശുചിമുറി), സോളര്‍ പാനല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കാര്യാലയത്തിന്റെ എതിര്‍വശത്തു പാര്‍ക്കിനോടു ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെ ശുചിമുറിയുടെയും നഗരസഭാ ഓഫിസ് സമുച്ചയത്തിലും ടൗണ്‍ ഹാള്‍ കോംപ്ലക്‌സില്‍ സോളര്‍ പാനലുമാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനത്തില്‍ പുതുതായി സ്ഥാപിച്ച രണ്ടാമത്തെ ഫര്‍ണസിന്റെയും അണ്ണായിക്കണ്ണത്ത് ആശ്രയ പദ്ധതി പ്രകാരം നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെയും ഉദ്ഘാടനം നടത്തിയിരുന്നു. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്കുംസ്ത്രീകള്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ആധുനിക ശുചിമുറി ഏറെ പ്രയോജനപ്പെടും. ജനങ്ങളുടെ സൗകര്യാര്‍ഥം നഗരസഭാ പാര്‍ക്കില്‍ പഴയ പാലത്തോടു ചേര്‍ന്നു നിര്‍മിച്ച നിര്‍മല്‍ ഫ്രഷ്‌നസ് സെന്ററില്‍ (ആധുനിക ശുചിമുറി) മികച്ച സൗകര്യമുള്ള കുളിമുറി, സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയുണ്ട്. ശുചിമുറികള്‍ ശുചിയാക്കാനുള്ള ഓട്ടമാറ്റിക് സംവിധാനവും ഒരുക്കി. നഗരസഭയുടെ നേതൃത്വത്തില്‍ ആദ്യം മുനിസിപ്പല്‍ പാര്‍ക്കിലാണ് ആധുനിക ശുചിമുറി നിര്‍മിച്ചത്. രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ മെയിന്‍ റോഡില്‍നിന്നു പ്രവേശിക്കുന്ന ഭാഗത്ത് ഒന്‍പത് മുറികളാണള്ളത്. ഇതു സ്ത്രീകള്‍ക്കു വേണ്ടിയാണ്.പാര്‍ക്കില്‍നിന്നു പ്രവേശിക്കാവുന്ന തരത്തില്‍ രണ്ടു ശുചിമുറികളുള്ളത് പുരുഷന്‍മാര്‍ക്കു വേണ്ടിയാണ്. ഇവിടെ ഇരിപ്പിടസൗകര്യവും ഉണ്ട്. പുതിയ ശുചിമുറി നഗരത്തിലെത്തുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്കും വൈകുന്നേരങ്ങളില്‍ പാര്‍ക്കിലെത്തുന്ന ജനങ്ങള്‍ക്കുമെല്ലാം ഉപകാരപ്രദമാകും.
Next Story

RELATED STORIES

Share it