തെറ്റായ ചോദ്യപേപ്പര്‍: വിദ്യാര്‍ഥിനിക്കായി പ്രത്യേകം പരീക്ഷ നടത്താന്‍ തടസ്സമില്ല

കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തെറ്റായ ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ഥിനിക്ക് പുതുതായി പ്രത്യേകം പരീക്ഷ നടത്താന്‍ സിബിഎസ്ഇക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി. കോട്ടയം കുമ്മനം കൊച്ചുവാഴയില്‍ വീട്ടില്‍ സലീമിന്റെ മകളും കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥിനിയുമായ അമീയ സലീം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. സിബിഎസ്ഇ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന അമീയക്ക് മാര്‍ച്ച് 28ന് നടന്ന ഗണിത പരീക്ഷയ്ക്കാണ് തെറ്റായ ചോദ്യപേപ്പര്‍ ലഭിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സഹപാഠികളുമായി സംസാരിച്ചപ്പോഴാണ് തെറ്റായ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന് അറിഞ്ഞത്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സംഭവം സിബിഎസ്ഇയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കത്തെഴുതിയിട്ടും സിബിഎസ്ഇ വിശദീകരണം നല്‍കുന്നില്ല. പരീക്ഷയുടെ മൂല്യനിര്‍ണയം ഉടന്‍ നടക്കുമെന്നാണ് അറിയുന്നതെന്ന് പറയുന്നു. ഹരജിയില്‍ ഹൈക്കോടതി വേനല്‍ അവധിക്കു ശേഷം വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it