World

തെക്കന്‍ ചൈനാക്കടല്‍: മറ്റു രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുന്നു-യുഎസ്‌

സിംഗപൂര്‍ തെക്കന്‍ ചൈനാക്കടല്‍ വിഷയത്തില്‍ ചൈന ഭീഷണിയുടെ മാര്‍ഗം സ്വീകരിക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. പ്രദേശത്തെ കൃത്രിമ ദ്വീപുകളെ സൈനിക വല്‍ക്കരിക്കാനുള്ള ചൈനയുടെ നീക്കം യുഎസിന്റെ തുറന്ന സമീപനത്തിനു വിരുദ്ധമാണെന്നും മാറ്റിസ് സിംഗപ്പൂരില്‍ പറഞ്ഞു. തെക്കന്‍ ചൈനാക്കടല്‍ മേഖലയിലെ മറ്റു രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുകയാണ്. മറ്റു രാജ്യങ്ങളുമായി ചൈന സഹകരിച്ചുപോയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും മാറ്റിസ് പറഞ്ഞു.
തെക്കന്‍ ചൈനാ കടലിലെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന്് മാറ്റിസിന്റെ വാക്കുകളോട് ചൈനീസ് ലഫ്റ്റനന്റ് ജനറല്‍ ഹി ലെയ് പ്രതികരിച്ചു. കടലിലെ തര്‍ക്കമേഖലയുമായി ബന്ധപ്പെട്ട് യുഎസും ചൈനയുമായുള്ള ഭിന്നത ശക്തമാവുന്നതിനിടെയാണ് മാറ്റിസിന്റെ പ്രതികരണം.
തെക്കന്‍ ചൈനാ കടലിലെ കൃത്രിമ ദ്വീപുകള്‍ പിടിച്ചെടുക്കുമെന്ന് യുഎസ് ചൈനയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ദ്വീപുകളില്‍ ചൈന സേനകളെ വിന്യസിക്കുകയും പോര്‍വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തതോടെയാണ് യുഎസിന്റെ മുന്നറിയിപ്പ്. ചെറിയ ദ്വീപുകള്‍ പിടിച്ചെടുക്കാന്‍ യുഎസ് സേനയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് മുതിര്‍ന്ന യുഎസ് സൈനിക വക്താവ് അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് ചൈനീസ് ദ്വീപുകള്‍ക്കു സമീപം യുഎസ് യുദ്ധക്കപ്പലുകള്‍ നിരീക്ഷണം നടത്തിയിരുന്നു. ചൈന ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്ന കടല്‍ഭാഗങ്ങള്‍ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യങ്ങളുടെ കപ്പലുകള്‍ക്കും സഞ്ചരിക്കാമെന്നുമാണ് യുഎസ് വാദിക്കുന്നത്. എന്നാല്‍, നാവിക അതിര്‍ത്തി കടന്നുകയറ്റമാണ് അമേരിക്ക നടത്തിയതെന്ന് ചൈന കുറ്റപ്പെടുത്തി.കഴിഞ്ഞ മാസം പകുതിയോടെയാണ് ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തത്.



Next Story

RELATED STORIES

Share it