Flash News

തെക്കന്‍ ചൈനാകടല്‍ : തര്‍ക്ക ദ്വീപുകള്‍ക്കു സമീപം യുഎസ് കപ്പല്‍



ബെയ്ജിങ്/വാഷിങ്ടണ്‍: തെക്കന്‍ ചൈനാകടലില്‍ ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലെ യുഎസ് നാവിക സേനാ കപ്പല്‍ പ്രവേശിച്ചു. ചൈനയെ സംബന്ധിച്ച തന്ത്രപ്രധാനമായ സമുദ്രമേഖലയിലാണ് യുഎസ് യുദ്ധക്കപ്പല്‍ പ്രവേശിച്ചിരിക്കുന്നത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് യുഎസിന്റെ ഭാഗത്തുനിന്ന് ചൈനക്കെതിരേ ഇത്തരമൊരു വെല്ലുവിളി. യുഎസ്എസ് ഡ്യൂയി എന്ന യുദ്ധക്കപ്പല്‍ ചൈനാക്കടലില്‍ സ്പ്രാറ്റ്‌ലി ദ്വീപുസമൂഹത്തിലെ മിസ്ചിഫ് റീഫിനു സമീപം സഞ്ചരിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങളുടെ സമുദ്രമേഖലയിലേക്ക് യുഎസ് കപ്പല്‍ അനുമതിയില്ലാതെ പ്രവേശിച്ചതായും അവരോട് തിരിച്ചുപോവാന്‍ നാവികസേന മുന്നറിയിപ്പ് നല്‍കിയതായും ചൈന പ്രതികരിച്ചു. എന്നാല്‍, അന്താരാഷ്ട്ര സമുദ്ര മേഖലയിലേക്കാണ് കപ്പല്‍ അയച്ചതെന്നും അതിന് തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നുമുള്ള നിലപാടാണ് യുഎസ് സ്വീകരിക്കുന്നത്. യുഎസിന്റ നടപടിക്കെതിരേ പരുഷമായ പ്രതികരണമുണ്ടാവുമെന്ന് ചൈന അറിയിച്ചു. യുഎസ് പറയുന്ന കപ്പല്‍ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യമെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് യുഎസ് കപ്പല്‍ തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കമേഖലകള്‍ക്കു സമീപമെത്തുന്നത്. ഈ മേഖലയില്‍ കപ്പല്‍ യാത്രാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ചൈനയുടെ നീക്കം പ്രതിരോധിക്കുമെന്ന് യുഎസ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഹേഗിലെ അന്താരാഷ്ട്ര കോടതി ചൈനയ്ക്ക് അവകാശമില്ലെന്ന് വിധിച്ച ദ്വീപുകള്‍ക്കു സമീപമാണ് കഴിഞ്ഞ ദിവസം യുഎസ് കപ്പല്‍ പ്രവേശിച്ചത്. ചൈനയും തെക്കന്‍ ചൈനാകടല്‍ മേഖലയിലെ ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളുമായി ദ്വീപുകള്‍ സംബന്ധിച്ച് അവകാശ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ചൈനാകടലിലെ ദ്വീപുകള്‍ക്കു മേല്‍ പരമാധികാരം ഉന്നയിക്കാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു.  ട്രംപ് അധികാരമേറ്റാല്‍ ഉടന്‍തന്നെ തെക്കന്‍ ചൈനാകടലില്‍ യുഎസ് നാവികനീക്കം ആരംഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. തെക്കന്‍ ചൈനാകടലില്‍ നാവിക സ്വാതന്ത്ര്യത്തിനായി സൈനികനീക്കം ആരംഭിക്കുമെന്ന് ഏഷ്യാപസഫിക് മേഖലയിലെ യുഎസ് സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഹാരി ഹാരിസ് കഴിഞ്ഞമാസം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it