thrissur local

തൃശൂര്‍ ലോ കോളജ് അക്രമം ; കെഎസ്‌യു ഹെല്‍മറ്റ് മാര്‍ച്ച് നടത്തി



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തൃശൂര്‍ ഗവ. ലോ കോളജില്‍ ക്ലാസില്‍ കയറി അക്രമം നടത്തിയ കേസില്‍ നിര്‍ബന്ധിത ടിസി നല്‍കിയ മൂന്നു എസ്എഫ്‌ഐക്കാരെ തിരിച്ചെടുക്കാന്‍ സര്‍വകലാശാല നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നിന്നുള്ള കെഎസ്‌യുക്കാര്‍ ഹെല്‍മറ്റ് ധരിച്ച് ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മാരകായുധങ്ങളുപയോഗിച്ച് തലക്കടിക്കുന്നതിനാല്‍ തല നഷ്ടപ്പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ച് ക്ലാസിലിരിക്കേണ്ട ഗതികേട് വാഴ്‌സിറ്റി അധികാരികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഹെല്‍മറ്റ് മാര്‍ച്ച് നടത്തിയതെന്ന് കെഎസ്‌യു സെനറ്റംഗം പി രഞ്ജിത് പറഞ്ഞു. നൂറോളമാളുകള്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഉച്ചയ്ക്കു ശേഷം ഭരണകാര്യാലയത്തിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. കോളജിലെത്തി തെളിവെടുപ്പ് നടത്തിയ റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ രാഷ്ട്രീയ പരിഗണനകള്‍ സ്വീകരിക്കില്ലെന്ന് വിസി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. പി രഞ്ജിത് അധ്യക്ഷത വഹിച്ചു. എ എം രോഹിത്, പി എം മനീഷ്, ഇ ടി നിഖില്‍, സി ടി അരുണ്‍, ഒ ജെ ജനീഷ്, പി പ്രേമരാജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it