Flash News

തൃശൂരില്‍ കഥകളി തിയേറ്റര്‍ സ്ഥാപിക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍



തൃശൂര്‍: പത്മശ്രീ കലാമണ്ഡലം ഗോപിയുടെ അശീതി സ്മാരകമായി തൃശൂരില്‍ കഥകളി തിയേറ്റര്‍ സ്ഥാപിക്കുമെന്ന് ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗോപിയാശാന്റെ അശീതി ആഘോഷത്തിന്റെ സമാപനദിവസം സംഘടിപ്പിച്ച സൗഹൃദസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ ഭാഗമായാണ് കഥകളി തിയേറ്റര്‍ സജ്ജമാക്കുക. കഥകളിയിലെ ജനകീയ മുഖമാണ് കലാമണ്ഡലം ഗോപി. ദൈവത്തിന്റെ സ്വന്തം നാടിനെ കഥകളിയുടെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹനാക്കിയതില്‍ സുപ്രധാന പങ്ക് ഗോപിയാശാന് അവകാശപ്പെട്ടതാണെന്നും കടകംപള്ളി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കലാ-സാംസ്‌കാരിക പൈതൃകം കൂടി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുവിദ്യാലയ സംരക്ഷണയജ്ഞം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കലയെയും കലാകാരന്‍മാരെയും കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമുള്ള ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു. പൊതുജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ഈ ചടങ്ങെന്നും കലാമണ്ഡലം ഗോപിയാശാന്റെ കാലത്ത് ജീവിക്കാനായത് ഭാഗ്യമാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കലാമണ്ഡലം ഹൈദരലിക്കു കൂടി ഉചിതമായ സ്മാരകമൊരുക്കുന്ന കാര്യം സംഗീത നാടക അക്കാദമി പരിഗണിച്ചുവരുകയാണെന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത പറഞ്ഞു. പി കെ ബിജു എംപി അശീതി ദീപപ്രഭാതം നിര്‍വഹിച്ചു. സംവിധായകന്‍ ഷാജി എന്‍ കരുണ്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഗായകന്‍ ജയചന്ദ്രന്‍, സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍, നര്‍ത്തകി പത്മശ്രീ ഭാരതി ശിവജി, കവി ഡോ. സി രാവുണ്ണി, വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, കെ ബി ശ്രീദേവി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചാക്യാര്‍കൂത്തും കഥകളിയും ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറി.
Next Story

RELATED STORIES

Share it