Flash News

തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രം : നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന് വീണ്ടും പരാതി



കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദമായ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരേ ആരോപണവുമായി ആന്ധ്ര സ്വദേശിനി രംഗത്ത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന വന്ദന എന്ന 27കാരിയാണ് യോഗാ കേന്ദ്രം ഡയറക്ടര്‍ മനോജ് എന്ന ഗുരുജി, കോ-ഓഡിനേറ്റര്‍ ശ്രുതി, കൗണ്‍സിലര്‍മാരായ സ്മിത, സുജിത്ത്, ലക്ഷ്മി, മറ്റ് അഞ്ചുപേര്‍ക്കെതിരേ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. ക്രിസ്ത്യന്‍ യുവാവുമായി പ്രണയമുണ്ടെന്നതിനാലാണ് പിതാവ് തന്നെ യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്. അവിടെ പൂട്ടിയിടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. 2017 മാര്‍ച്ച് 30 മുതല്‍ മെയ് ഒന്ന് വരെയാണ് തടങ്കലില്‍ വച്ചത്. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. ഒച്ചവച്ചപ്പോള്‍ തുടര്‍ച്ചയായി മര്‍ദിച്ചു. കരച്ചിലും ശബ്ദവും പുറത്തു കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ടു വയ്ക്കും. കോ-ഓഡിനേറ്ററായ ശ്രുതിയാണ് കേന്ദ്രത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. സ്വന്തം ഇഷ്ടത്തിന് യോഗ പഠിക്കാനാണ് അവിടെ എത്തിയതെന്ന് എഴുതിയ ഒരു കടലാസില്‍ ബലമായി വിരലടയാളം പതിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം-ക്രിസ്ത്യന്‍ മതങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ അടങ്ങിയ ക്ലാസുകളാണ് അവിടെ നടക്കുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ചീത്ത മനുഷ്യരാണെന്നും ആ മതങ്ങള്‍ നരകമാണെന്നും പറയാറുണ്ടായിരുന്നു.  ഭീഷണിപ്പെടുത്തിയെന്നും കാമുകനെ കൊല്ലുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് കേന്ദ്രങ്ങളുണ്ട്.  ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചപ്പോള്‍ മാത്രമാണ് പുറത്തുവിട്ടത്. കേന്ദ്രത്തില്‍ നിന്ന് പുറത്തുവന്നതിനുശേഷം ബാംഗ്ലൂരിലെ കോടതിയില്‍ ഈ വിവാഹം റദ്ദാക്കാന്‍ ഹരജി നല്‍കിയതായും വന്ദന പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it