Flash News

തൂത്തുക്കുടി വെടിവയ്പ്തമിഴ്‌നാട്ടില്‍ ബന്ദ് പൂര്‍ണം

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ്ശുദ്ധീകരണ ശാലയ്‌ക്കെതിരേ നടന്ന സമരത്തിനിടെ 13 പേരെ വെടിവച്ചുകൊന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുള്ള ബന്ദ് തമിഴ്‌നാട്ടില്‍ പൂര്‍ണം. വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവയ്ക്കണമെന്നും സംസ്ഥാന പോലിസ് മേധാവിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു ബന്ദിന് ആഹ്വാനം ചെയ്തത്.
കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, എംഡിഎംകെ, സിപിഐ, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തും പുതുച്ചേരിയിലും പ്രതിഷേധ പരിപാടികള്‍ നടന്നു. ഡിഎംകെ നേതാവ് എം സുബ്രഹ്മണ്യന്‍, പാര്‍ട്ടിയുടെ രാജ്യസഭാ എംപി കനിമൊഴി, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് എം എച്ച് ജവാഹിറുല്ല തുടങ്ങിയ നേതാക്കള്‍ സെയ്ദാപേട്ട്, എഗ്‌മോര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. പ്രതിഷേധത്തിനിടെ കനിമൊഴി അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
ബന്ദിനു മുന്നോടിയായി ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിരുന്നു. എന്നാല്‍ പലയിടത്തും ഗതാഗത തടസ്സമുണ്ടായി. തൂത്തുക്കുടിയില്‍ പുതുതായി അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് പോലിസ് സുരക്ഷയിലാണ് ഗതാഗത വകുപ്പിന്റെ ബസ്സുകള്‍ ഓടിയത്. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
ചെമ്പ്ശുദ്ധീകരണശാല അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബുധനാഴ്ച ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലി ജോയിന്റ് ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം പ്ലാന്റിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു.
Next Story

RELATED STORIES

Share it