Flash News

തൂത്തുക്കുടി പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

ചെന്നൈ: തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം സ്ഥിരമായി അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പന്നീര്‍സെല്‍വം ഇന്നലെ പറഞ്ഞു.
പാരിസ്ഥിതിക ആഘാതങ്ങളുടെ അടിസ്ഥാനത്തില്‍ പരിസരവാസികള്‍ നടത്തിയ ശക്തമായ സമരത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം. ഈ പ്ലാന്റിന്റെ മലിനീകരണത്തോത് രാജ്യത്തു തന്നെ രണ്ടാമതാണ്. പ്ലാന്റ് അടച്ചിടാന്‍ തമിഴ്‌നാട് മലിനീകരണ ബോര്‍ഡ് നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇത് അംഗീകരിച്ച് സ്ഥിരമായി അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പന്നീര്‍സെല്‍വം പറഞ്ഞു.
അതേ സമയം, തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ പരിഗണിച്ച് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഞായറാഴ്ചയോടെ പിന്‍വലിച്ചിരുന്നു.  വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഞായറാഴ്ച രാത്രിയോടെ പുനരാരംഭിച്ചതായും തമിഴ്‌നാട് ഡിജിപി രാജേന്ദ്രന്‍ അറിയിച്ചു.
തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച നടന്ന ജനകീയസമരത്തിനെതിരേ പോലിസ് വെടിവയ്ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നേരത്തേ പോലിസ് വെടിവയ്പുണ്ടായ സമയത്ത് പ്ലാന്റ് താല്‍ക്കാലികമായി അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it