kannur local

തുരുത്തി ബൈപാസ്; അനുരഞ്ജന ചര്‍ച്ച അലസി

കണ്ണൂര്‍:  ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍ദിഷ്ട ബൈപാസ് കടന്നുപോവുന്ന പാപ്പിനിശ്ശേരി തുരുത്തി പ്രദേശവാസികള്‍ രൂപീകരിച്ച കര്‍മസമിതിയുടെ ഭാരവാഹികളുമായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നടത്തിയ അനുരഞ്ജന ചര്‍ച്ച അലസി.
പട്ടികജാതി കോളനി ഉള്‍പ്പെടെ ജനവാസ മേഖലയിലൂടെയുള്ള ദേശീയപാത അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കലക്ടര്‍ തയ്യാറായില്ല. താരത്യമേന നഷ്ടം കുറഞ്ഞ ബദല്‍ രൂപരേഖ കര്‍മസമിതി സമര്‍പ്പിച്ചു. ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി ജനവാസ മേഖലയിലൂടെയുള്ള അലൈന്‍മെന്റിനു വേണ്ടിയാണ് കലക്്ടര്‍ വാദിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സഹകരിക്കില്ലെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്നും കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ മേഖലാ കണ്‍വീനര്‍ നിഷിന്‍ കുമാര്‍, എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അനൂപ് ഏരുമറ്റം, അനില്‍കുമാര്‍, പ്രകാശന്‍, പ്രദീപന്‍, ലീല  പങ്കെടുത്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബദല്‍ രൂപരേഖ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുരുത്തിയില്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.
ദേശീയപാത അതോറിറ്റി വിജ്ഞാപനം ചെയ്ത രൂപരേഖ പ്രകാരം മേഖലയിലെ നിരവധി കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നഷ്ടപ്പെടും. എന്നാല്‍, വീടുകള്‍ നഷ്ടപ്പെടാതെയും കുന്നിടിക്കാതെയും സമീപപ്രദേശത്തു കൂടി ബൈപാസ് നിര്‍മിക്കാന്‍ കഴിയുമെന്നാണ് ജനങ്ങളുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
Next Story

RELATED STORIES

Share it