തുരുത്തിയിലെ പകല്‍ക്കൊള്ള

അവകാശങ്ങള്‍  നിഷേധങ്ങള്‍ -  ബാബുരാജ്  ബി  എസ്

ചില പുസ്തകങ്ങള്‍ നമ്മെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. വായിക്കാന്‍ വീണ്ടും വീണ്ടും പ്രേരിപ്പിക്കും. പക്ഷേ, രസകരമായ കാര്യം നമുക്കൊരിക്കലും അതിനാവില്ല എന്നതാണ്. മാര്‍ക്‌സിന്റെ 'മൂലധനം' അത്തരമൊരു കൃതിയാണ്. മൂലധനം വായിക്കാന്‍ തുടങ്ങിയവര്‍ അനേകമുണ്ടാവും. ഒരുതവണയല്ല, പലതവണ. പൂര്‍ത്തിയാക്കാത്തവരും അനേകം. ആ അനേകരില്‍പ്പെട്ട ഒരാളാണു ഞാനും.
മൂലധനത്തിലൊരിടത്ത് വ്യവസായവിപ്ലവകാലത്ത് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ രൂപംകൊടുത്ത വളച്ചുകെട്ടല്‍ നിയമങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വ്യവസായികള്‍ക്കു വേണ്ടി കര്‍ഷകരില്‍നിന്ന് കൃഷിഭൂമി തട്ടിയെടുക്കുന്നതില്‍ ഈ നിയമം മുഖ്യ പങ്കുവഹിച്ചു. ആട്ടിയോടിക്കപ്പെട്ട കര്‍ഷകജനത  നഗരങ്ങളില്‍ ചേക്കേറി. വ്യവസായവിപ്ലവം രൂപംകൊടുത്ത തൊഴില്‍ശാലകളില്‍ തൊഴില്‍ശക്തി പ്രദാനംചെയ്തവരും ഇവരായിരുന്നു. മുതലാളിത്തത്തിന്റെ ആദിമ സഞ്ചയപ്രക്രിയ വിശദീകരിക്കുന്ന ഘട്ടത്തില്‍ മാര്‍ക്‌സ് ഇത് ആഴത്തില്‍ പരിശോധിക്കുന്നുണ്ട്.
മുതലാളിത്തത്തെ സൃഷ്ടിച്ച വെട്ടിപ്പിടിത്തത്തിന്റെയും തട്ടിപ്പിന്റെയും ചോരയുടെ ലിപികളില്‍ എഴുതപ്പെട്ട ചരിത്രം 17ാം നൂറ്റാണ്ടില്‍ അവസാനിക്കുന്നില്ല. ചിലയിടങ്ങളില്‍ അതേ രൂപത്തില്‍, മറ്റു ചിലയിടങ്ങളില്‍ ഇതര രൂപങ്ങളില്‍ അത് ആവര്‍ത്തിക്കുന്നു. ഏറ്റവും അവസാനം കണ്ണൂര്‍-പാപ്പിനിശ്ശേരി തുരുത്തി കോളനിയിലെ 29 ദലിത് കുടുംബങ്ങളെയും അതു വഴിയാധാരമാക്കാനൊരുങ്ങുകയാണ്. വിചിത്രമായ കാര്യം അവരെ ആട്ടിപ്പായിക്കുന്ന ആ വെട്ടിപ്പിടിത്തസേനയുടെ മുന്നില്‍ പാറുന്നത് മാര്‍ക്‌സിന്റെ ഓര്‍മകള്‍ തുടിക്കുന്ന അതേ ചെങ്കൊടിയാണെന്നതാണ്.
പാപ്പിനിശ്ശേരി പഞ്ചായത്തിലെ പട്ടികജാതി കോളനിയാണ് തുരുത്തി. പുലയവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ തലമുറകളായി പാര്‍ക്കുന്ന ഇടം. ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത ചില നടപടികളാണ് തുരുത്തി നിവാസികളെ പ്രതിസന്ധിയിലാക്കിയത്. കുറച്ചുകാലം മുമ്പ് ദേശീയപാത അതോറിറ്റി ഹൈവേയുടെ ഒരു അലൈന്‍മെന്റ് പുറത്തുവിട്ടിരുന്നു. താരതമ്യേന നേര്‍രേഖയിലൂടെ പോവുന്ന ആ അലൈന്‍മെന്റ് മൂന്നുതവണ മാറി. മൂന്നാം അലൈന്‍മെന്റാണ് തുരുത്തി നിവാസികള്‍ക്ക് ദോഷകരമായത്.
വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ നീളത്തില്‍ ഒരു വളവ് ബോധപൂര്‍വം സൃഷ്ടിച്ചാണ് 29 കുടുംബങ്ങളെ കുടിയിറക്കുന്ന തരത്തില്‍ അലൈന്‍മെന്റ് മാറ്റിയത്. 2016ലായിരുന്നു ഇത്. പുതിയ അലൈന്‍മെന്റിനെതിരേ കോളനിവാസികള്‍ ദേശീയപാത അതോറിറ്റിക്ക് പരാതി നല്‍കി. മറുപടി കിട്ടിയില്ല. അതേ പരാതി പഞ്ചായത്ത്-റവന്യൂ അധികാരികള്‍ക്കും നല്‍കി. ഇവരും പരാതി പരിഗണിക്കാന്‍ തയ്യാറായില്ല.
കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് പ്രക്ഷോഭം തുടങ്ങാന്‍ കോളനിക്കാര്‍ തീരുമാനിച്ചു. അവര്‍ ഒത്തുചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. കൂട്ടത്തോടെ കുടിയിറക്കപ്പെടാതിരിക്കാനുള്ള ഭരണഘടനാപരമായ പരിരക്ഷയായിരുന്നു തുരുത്തി നിവാസികള്‍ ആവശ്യപ്പെട്ടത്. ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയോടും അധികൃതര്‍ പ്രതികരിച്ചില്ല. ഇതിനിടയില്‍ ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ തിരുത്തിയതിനുള്ള കാരണം അന്വേഷിച്ചുകൊണ്ട് അതോറിറ്റിയിലേക്ക് വിവരാവകാശപ്രകാരം അപേക്ഷ അയച്ചു. മറുപടി അതിവിചിത്രമായിരുന്നു. ചില വിഐപികളുടെ ഇടപെടലാണത്രേ കാരണം. വിഐപിയുടെ പേര് വെളിപ്പെടുത്താന്‍ അതോറിറ്റി തയ്യാറായില്ല.
മൂന്നാമത്തെ അലൈന്‍മെന്റിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച ചിലര്‍ വളവ് ഒഴിവാക്കിയാല്‍ 25 പുലയകുടുംബങ്ങള്‍ രക്ഷപ്പെടുമെന്ന് കലക്ടറെ അറിയിച്ചെങ്കിലും അതില്‍ ചര്‍ച്ചയില്ലെന്ന പതിവ് പാട്ട് അദ്ദേഹം തുടര്‍ന്നു. ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഏപ്രില്‍ 27 മുതല്‍ കുടില്‍കെട്ടി സമരം ആരംഭിക്കുന്നത്. 2018 മെയ് 9ന് മറ്റൊരു അത്യാഹിതം കൂടി നടന്നു. ബൈപാസ് അളക്കാന്‍ വന്ന സര്‍വേ അധികാരികളും പോലിസും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിനു കോളനിക്കാരെ അറസ്റ്റ് ചെയ്തു. സര്‍വേ സുഗമമാക്കുകയായിരുന്നുവത്രേ ഉദ്ദേശ്യം.
കേവലം 29 കുടുംബങ്ങളെ മാത്രം ബാധിക്കുന്നതല്ല തുരുത്തിയിലെ പ്രശ്‌നം. നീര്‍ത്തട ജൈവവൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന ഉപ്പൂറ്റി, കണ്ണാമ്പൊട്ടി, മച്ചിന്‍തോല്‍, ഭ്രാന്തന്‍ കണ്ടല്‍ തുടങ്ങി തീരപരിസ്ഥിതിയെയും ജലപരിസ്ഥിതിയെയും സ്വാധീനിക്കുന്ന സൂക്ഷ്മജീവികളും സസ്യങ്ങളും അടക്കമുള്ള ആവാസവ്യവസ്ഥയാണ് ഇല്ലാതാവുക. പുലയസമുദായക്കാരുടെ പുതിയില്‍ ഭഗവതി ക്ഷേത്രവും ഇല്ലാതാവും. കീഴാളജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു ചിഹ്നമാണ് ഇതോടെ മണ്ണടിയുക. വളപട്ടണം പുഴയെയും അതിന്റെ ജൈവസമ്പത്തിനെയും പുതിയ നിര്‍മിതി ബാധിക്കുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കക്കവാരല്‍, തടുക്കല്‍, വലയിളക്കല്‍, ചെമ്മീന്‍ തിരക്കല്‍, വകക്കല്‍ എന്നിങ്ങനെ പുഴയുമായി ബന്ധപ്പെട്ട് നടക്കുന്ന തൊഴിലുകളും നാമാവശേഷമാവും. മല്‍സ്യസമ്പത്തിനെയും ബാധിക്കും. ഇത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്തെയും അവിടത്തെ പരമ്പരാഗത ജനതയെയുമാണ് ബിഒടി മുതലാളിമാര്‍ വഴിയാധാരമാക്കാന്‍ ശ്രമിക്കുന്നത്. 17ാം നൂറ്റാണ്ടിലെ മൂലധന കൊള്ളയെ അനുസ്മരിപ്പിക്കുന്ന ബിഒടി കൊള്ളയ്‌ക്കെതിരേയും അതിനു കുടപിടിക്കുന്ന സര്‍ക്കാരിനെതിരേയും ജനങ്ങള്‍ പോരാടേണ്ടിയിരിക്കുന്നു.                 ി
Next Story

RELATED STORIES

Share it