thrissur local

തുമ്പുമുറിതോട്, പൂപ്പത്തിവന്‍തോട് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ

മാള: മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ നീര്‍ത്തട സംരക്ഷണവും വെള്ളക്കെട്ട് നിവാരണനീര്‍ച്ചാല്‍ സംരക്ഷണവും മറ്റും ലക്ഷ്യമിട്ടുള്ള തുമ്പുമുറിതോട്, പൂപ്പത്തിവന്‍തോട് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ നടക്കുമെന്ന് അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നബാര്‍ഡിന്റെ സഹായത്തോടെ ആര്‍ഐഡിഎഫ് 22 ട്രാഞ്ചെയില്‍ ഉള്‍പ്പെടുത്തി മണ്ണുസംരക്ഷണ കാര്യാലയം മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നീര്‍ത്തട ഭൂപടങ്ങളുടെ പ്രകാശനവും മുഖ്യപ്രഭാഷണവും ടി വി ഇന്നസെന്റ് എം പി നിര്‍വഹിക്കും. ബി ഡി ദേവസ്സി എംഎല്‍എ മുഖ്യാതിഥിയാകും. ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ചാര്‍ജ്ജ്) കെ പി രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.
പദ്ധതികളുടെ സമഗ്ര രൂപരേഖാ പ്രകാശനവും കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണവും ചടങ്ങില്‍ നടക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരും രാഷ്ട്രീയസാമൂഹ്യ സംഘടനാ ഭാരവാഹികളും സംബന്ധിക്കും. മാള ഗ്രാമപഞ്ചായത്തിലെയും കാടുകുറ്റി ഗ്രാമപഞ്ചായത്തിലെയും വിവിധ വാര്‍ഡുകളിലെ കൃഷിക്കും കുടിവെള്ളത്തിനും ഗുണകരമായ തുമ്പുമുറിതോട് (കല്ലൂര്‍ത്തുറ) നീര്‍ത്തട പദ്ധതിക്കായി 112.9 ലക്ഷം രൂപയും പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിവന്‍തോട് പദ്ധതിക്കായി 76.8 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.
450 ഹെക്റ്റര്‍ കൃഷിയിടങ്ങള്‍ക്ക് ഉപകാരപ്രഥമാകുന്ന പദ്ധതി 11950 തൊഴില്‍ ദിനങ്ങളിലൂടെ നടപ്പാക്കാനാണ് ലക്ഷ്യം. 11000 മഴക്കുഴികള്‍, 500 ചതുരശ്ര മീറ്റര്‍ കല്ലു കൈയ്യാലകള്‍, 500 മീറ്റര്‍ മണ്‍ബണ്ട്, 1000 ഹോള്‍ട്ടികള്‍ച്ചര്‍ പ്ലാന്റുകള്‍, കാര്‍ഷിക വനവല്‍ക്കരണത്തിന്റെ ഭാഗമായി 3000 ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍, 500 മീറ്റര്‍ പുല്ല് വച്ചുപിടിപ്പിക്കല്‍, 2050 മീറ്റര്‍ പാര്‍ശ്വഭിത്തി നിര്‍മാണം, രണ്ട് നടപ്പാതകള്‍, ട്രാക്റ്റര്‍ പാസേജ് വിത്ത് റാമ്പ് തുടങ്ങിയവയുടെ നിര്‍മാണവും ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കലും 65 കിണര്‍ റീച്ചാര്‍ജ്ജിംഗും പുത്തുരുത്തികുളം, പള്ളിക്കുളം എന്നിവയുടെ പുനരുദ്ധാരണവും പദ്ധതിയിലൂടെ നടപ്പാക്കും.
മൂന്നര കിലോമീറ്റര്‍ വരുന്ന പൂപ്പത്തിവന്‍തോട് വെള്ളക്കെട്ട് നിവാരണ പദ്ധതി 6300 തൊഴില്‍ ദിനങ്ങളിലൂടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ശ്വഭിത്തി നിര്‍മാണം, ഏഴ് നടപ്പാതകളുടെ നിര്‍മാണം, ഒരു കോണ്‍ഗ്രീറ്റ് ചെക്ക്ഡാം തുടങ്ങിയവയാണ് ലക്ഷ്യം. സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബില്‍ മണ്ണുപരിശോധന നടത്തി തത്സമയം ഫലം നല്‍കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി വി സിന്ധു, മറ്റ് ഉ—ദ്യോഗസ്ഥരായ പ്രിന്‍സ് പി കുര്യന്‍, വി ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it