തീവ്ര ഹിന്ദുത്വത്തിന്റെ മുഖംമൂടി

സി എ റഊഫ്

മതേതരര്‍ക്ക് കടിപിടി കൂടാന്‍ ഹിന്ദുത്വര്‍ എക്കാലത്തും ഓരോ എല്ലിന്‍കഷണം ഇട്ടുകൊടുക്കും. അതിലൊന്നാണ് മൃദുഹിന്ദുത്വപക്ഷം എന്ന വേര്‍തിരിവ്. ആര്‍എസ്എസിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മൃദുഹിന്ദുത്വത്തിന്റെ അംബാസഡര്‍ ആയിരുന്നുവത്രേ. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ഹിന്ദുത്വ ഫാഷിസം ഇന്ത്യയില്‍ തുറന്നുവിട്ട വര്‍ഗീയതയുടെ വിഷഭൂതങ്ങള്‍ വോട്ടുകള്‍ ഏകീകരിക്കുകയും കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിക്കുകയും ചെയ്തു. മതേതര ചേരിയെ ഹിന്ദുത്വ രാഷ്ട്രീയത്തോട് ചേര്‍ത്തുനിര്‍ത്തുന്നതിനാണ് വാജ്‌പേയി എന്ന മൃദുഹിന്ദുത്വ അവതാരം രംഗപ്രവേശം ചെയ്യുന്നത്. അങ്ങനെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായ ലാല്‍കൃഷ്ണ അഡ്വാനി തീവ്രഹിന്ദുത്വവാദിയും വാജ്‌പേയി എന്ന അവതാരം മൃദുഹിന്ദുത്വവാദിയുമായി. തുടക്കത്തില്‍ മതേതരകക്ഷികളെ കൂട്ടുപിടിച്ചുള്ള സര്‍ക്കസ് തുടരുന്നതിന് ഒരു മൃദുഹിന്ദുത്വവാദി ആവശ്യമായിരുന്നു. അങ്ങനെയാണ് 'പ്രത്യേകിച്ചു പ്രകോപനം' ഒന്നുമില്ലാതെ 90കളുടെ തുടക്കത്തില്‍ രഥയാത്ര നയിച്ച അഡ്വാനി തീവ്രഹിന്ദുത്വവാദിയാവുന്നത്. ആദ്യ എന്‍ഡിഎ ഭരണം അവസാനിച്ചപ്പോള്‍ അഡ്വാനിയെ വരെ മൃദുവാക്കുന്ന പ്രവണതകള്‍ രാജ്യത്ത് ശക്തിപ്പെട്ടു. ഇപ്പോള്‍ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോദി തീവ്രഹിന്ദുത്വത്തിന്റെ സനദ് വാങ്ങാന്‍ യോഗ്യത അറിയിച്ചിരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്കനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അഡ്വാനിയെയും മൂലയ്ക്കിരുത്തി. തങ്ങളുടെ വര്‍ഗീയ അജണ്ട വേഗത്തില്‍ നടപ്പാക്കാന്‍ പറ്റിയ അവതാരമാണെന്നു തിരിച്ചറിഞ്ഞ ആര്‍എസ്എസ് നരേന്ദ്ര മോദിയെ വികസന നായകനാക്കി ഉയര്‍ത്തിക്കൊണ്ടുവന്നു. ബാക്കിയൊക്കെ സമീപകാല ചരിത്രം. മൃദുഹിന്ദുത്വത്തിന്റെയും തീവ്രഹിന്ദുത്വത്തിന്റെയും വേര്‍തിരിവുകള്‍ ആര്‍എസ്എസ് തന്നെ തങ്ങളുടെ പ്രചാരണതന്ത്രത്തിലൂടെ നിര്‍മിച്ചെടുത്തതാണ്. മതേതര ഇന്ത്യ ആ എല്ലിന്‍കഷണത്തില്‍ കടിപിടി കൂടിക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വാജ്‌പേയി സ്‌തോത്രവരികളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസകാലത്തു തന്നെ ആര്‍എസ്എസില്‍ ചേര്‍ന്ന വാജ്‌പേയി തന്റെ ജീവിതമാര്‍ഗമായി തിരഞ്ഞെടുത്തത് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തെയാണ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണ് മൊറാര്‍ജി ദേശായിക്കൊപ്പം ജനതാ പാര്‍ട്ടിയുടെ ഭാഗമായി വാജ്‌പേയി പ്രവര്‍ത്തിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണഘട്ടങ്ങളിലെല്ലാം അതിന് ചുക്കാന്‍പിടിച്ചത് വാജ്‌പേയി ആണെന്നു മനസ്സിലാവും.കലാപങ്ങളും വംശഹത്യയും കര്‍മപരിപാടിയായ ആര്‍എസ്എസിനെ ജനാധിപത്യവല്‍ക്കരിക്കുകയായിരുന്നില്ല ഈ നീക്കങ്ങളുടെ ലക്ഷ്യം. ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തില്‍ ഹിന്ദുത്വരാജ്യം സ്ഥാപിക്കുന്നതിന് ഇത്തരം രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ജനതാ പാര്‍ട്ടി എന്ന പരീക്ഷണം ആര്‍എസ്എസ് നടത്തുന്നത്. പിന്നീട് 1982ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതിന്റെ പ്രഥമ പ്രസിഡന്റ് സ്ഥാനം വാജ്‌പേയിക്കാണ് ആര്‍എസ്എസ് നല്‍കിയത്. അഥവാ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മിഷന്‍ വിജയിപ്പിക്കാനുള്ള ചുമതല ഏല്‍പ്പിക്കാന്‍തക്ക വിശ്വസ്തനും ചാണക്യനുമായിരുന്നു ഹിന്ദുത്വവാദിയായ വാജ്‌പേയി.ഒരുവശത്ത് കലാപങ്ങളും കൂട്ടക്കുരുതികളും നടത്തി വര്‍ഗീയത ആഘോഷിക്കുന്ന സംഘം, മറുവശത്ത് പുതിയ രാഷ്ട്രീയസംവിധാനങ്ങളുമായി അതിന് മറയൊരുക്കുന്ന സംഘം. ആര്‍എസ്എസ് രണ്ടു വകുപ്പായി കണ്ടിരുന്ന അവരുടെ പ്രവര്‍ത്തന ക്രമീകരണത്തെ മൃദുവെന്നും തീവ്രമെന്നും വേര്‍തിരിച്ച് തങ്ങള്‍ക്കുള്ള പിന്തുണ വിപുലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അവര്‍. അതില്‍ ഒരു സംഘത്തെ നയിച്ചിരുന്നതാവട്ടെ വാജ്‌പേയിയും.1996ല്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയാക്കിയതും വാജ്‌പേയിയെ ആയിരുന്നു. മതേതരകക്ഷികളെ മൃദുഭാഷണത്തിലൂടെ തങ്ങളുടെ വരുതിയിലാക്കാനുള്ള അദ്ദേഹത്തിന്റെ മെയ്‌വഴക്കം തന്നെയാണ് ഈ അംഗീകാരത്തിനു കാരണം. ആദ്യഘട്ടത്തില്‍ 13 ദിവസത്തിനകം തന്നെ കാലിടറി വീണെങ്കിലും പിന്നെയും വാജ്‌പേയി തന്റെ ശ്രമം തുടര്‍ന്നു. പിന്നീട് 13 മാസം കേന്ദ്രത്തില്‍ അധികാരത്തില്‍ തുടര്‍ന്നെങ്കിലും പാതിവഴിയില്‍ അതും വീണു. അതിനിടയ്ക്ക് എന്‍ഡിഎ എന്ന മുന്നണി രൂപപ്പെടുത്തുകയും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ തന്നെ അധികാരത്തിലെത്തുകയും ചെയ്തു.വാജ്‌പേയിയുടെ ആറരവര്‍ഷക്കാലത്തെ അധികാരവാഴ്ച ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മേല്‍ക്കോയ്മയുടെ സ്ഥാപനത്തിനാണ് ഉപയോഗിച്ചത്. ഗുജറാത്ത് കലാപം ഉള്‍പ്പെടെ രാജ്യത്തുണ്ടായ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലും വംശഹത്യയിലും ഹിന്ദുത്വ ഭീകരരുടെ പക്ഷത്താണ് വാജ്‌പേയി നിലകൊണ്ടത്. പ്രധാനമന്ത്രി എന്ന നിലയില്‍, ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത നരേന്ദ്രമോദിയെ തിരുത്തിക്കുന്നതിനു പകരം മോദിയെ പിന്തുണച്ച് വംശഹത്യക്കൊപ്പം നില്‍ക്കുകയാണ് വാജ്‌പേയി ചെയ്തത്. കലാപം രൂക്ഷമായ 2002 ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തിയ്യതികളില്‍ മൗനം അവലംബിക്കുകയും വിഷയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്ത വാജ്‌പേയി തന്റെ 'മൃദുഹിന്ദുത്വ' പദവി നഷ്ടമാവാതിരിക്കാന്‍ പിന്നീട് വിഷമം പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല, 2002 ഏപ്രില്‍ 12ന് ഗോവയില്‍ നടന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഗുജറാത്തിലെ മുസ്‌ലിം കുരുതിയെ ന്യായീകരിച്ചു സംസാരിക്കുകയാണു വാജ്‌പേയി ചെയ്തത്. ''ഇന്ത്യ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും കാലില്‍ ഞെരിഞ്ഞമരും മുമ്പ് മതേതരമായിരുന്നു. എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ നമുക്കായിരുന്നു''- മൃദുഹിന്ദുത്വത്തിന്റെ അപ്പോസ്തലനായി ആഘോഷിക്കുന്ന ഒരാളുടെ പ്രസംഗത്തിലെ ഭാഗങ്ങളാണിത്. മുസ്‌ലിം ഗല്ലികളിലേക്ക് ആയുധങ്ങളുമായി ചെല്ലുന്ന ഹിന്ദുത്വ ഭീകരര്‍ക്ക് ആവേശം നല്‍കുന്ന സാധ്വി പ്രാച്ചി പോലുള്ളവരില്‍ നിന്ന് എന്തു വ്യത്യാസമാണ് വാജ്‌പേയിക്കുള്ളത്.''മുസ്‌ലിംകള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ മറ്റുള്ളവരുമായി ഒരുമിച്ചു ജീവിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. മറ്റുള്ളവരുമായി ഇടകലര്‍ന്നു ജീവിക്കാന്‍ മുസ്‌ലിംകള്‍ ഇഷ്ടപ്പെട്ടില്ല. സമാധാന മാര്‍ഗത്തിലൂടെ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിനു പകരം ഭീഷണിയുടെയും ഭീകരതയുടെയും മാര്‍ഗമാണ് അവര്‍ സ്വീകരിച്ചത്. ഈ അപകടത്തെക്കുറിച്ചു ലോകം ജാഗ്രതയിലാവണം.'' വലിയ വിവാദമാവുകയും പിന്നീട് തുടക്കത്തില്‍ 'ചില' എന്ന പദം എഡിറ്റ് ചെയ്തു ചേര്‍ത്ത് തടിരക്ഷപ്പെടുത്തുകയും ചെയ്ത വര്‍ഗീയപ്രചാരകന്‍ കൂടിയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് നേതാവ് ലക്ഷ്മണ്‍റാവു ഇനാംദാറെക്കുറിച്ച് നരേന്ദ്രമോദി എഴുതിയ പുസ്തകം പ്രകാശനം ചെയ്യവെ നടത്തിയ പ്രസംഗത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നു പറഞ്ഞതും വാജ്‌പേയിയാണ്. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരായ ആക്രമണത്തിന്റെ പ്രചോദനം ഇത്തരം പരാമര്‍ശങ്ങളാണെന്ന് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.അതില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഭരണ മാഹാത്മ്യം. സ്വതന്ത്ര ഇന്ത്യയെ നാണംകെടുത്തിയ രണ്ട് അഴിമതികള്‍ നടത്തിയതും വാജ്‌പേയി സര്‍ക്കാരാണ്. വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷനല്‍ എന്ന ഇല്ലാത്ത കമ്പനിയുമായി കോടികളുടെ ആയുധക്കരാര്‍ ഉണ്ടാക്കുകയും കോടികള്‍ കോഴ വാങ്ങുകയും ചെയ്തത് വാജ്‌പേയിയുടെ ഭരണകാലത്താണ്. മാത്രമല്ല, കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട ജവാന്മാരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വാങ്ങിയ ശവപ്പെട്ടിയിലും കോടികളുടെ അഴിമതിയാണു നടത്തിയത്. ഭരണതലവന്‍ എന്ന നിലയ്ക്ക് എല്ലാ ആശിര്‍വാദങ്ങളും മൗനാനുവാദവും നല്‍കിയത് അടല്‍ ബിഹാരി വാജ്‌പേയിയാണ്. ബിജെപി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും അക്കാലത്തു തന്നെ. ഇന്ത്യയുടെ വിദേശബന്ധങ്ങളില്‍ നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിവച്ച ഇസ്രായേല്‍ ബന്ധം വിപുലപ്പെടുത്തിയതും വാജ്‌പേയിയുടെ കാലത്താണ്. മൊറാര്‍ജിയുടെ കാലത്ത് വിദേശമന്ത്രിയായിരുന്നതിന്റെ അനുഭവസമ്പത്തെന്നൊക്കെ പറഞ്ഞ് പലരും ആഘോഷിച്ചെങ്കിലും അത് ഇന്ത്യയുടെ ആഭ്യന്തര കെട്ടുറപ്പില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിള്ളല്‍ ഭീകരമാണ്. സ്വാതന്ത്ര്യസമരകാലത്ത് സഹപ്രവര്‍ത്തകരെ ബ്രിട്ടിഷുകാര്‍ക്ക് ഒറ്റിക്കൊടുത്തതു മുതല്‍ക്കുള്ള അവസരവാദ രാഷ്ട്രീയ പരിശീലനം വാജ്‌പേയിക്കുണ്ട്. ക്വിറ്റ് ഇന്ത്യയുടെ ഭാഗമായി നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ മജിസ്‌ട്രേറ്റിനു മുമ്പാകെ സത്യവാങ്മൂലം നല്‍കി തന്റെ ബ്രിട്ടിഷ് വിധേയത്വം പ്രകടിപ്പിച്ച 'മഹാനാണ്' അദ്ദേഹം. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് മൂത്ത സഹോദരന്‍ പ്രേമിനൊപ്പം വാജ്‌പേയിയെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്് ഇത്തരത്തിലുള്ള 'വിധ്വംസക' സമരത്തില്‍ പങ്കെടുക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. വാജ്‌പേയിയുടെ മിതവാദപ്രകൃതം മുഖംമൂടി (മുഖോട്ട) മാത്രമാണെന്നു പറഞ്ഞത് ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന ഗോവിന്ദാചാര്യയാണ്. നാണവും മാനവുമില്ലാതെ നയം മാറ്റുന്ന വ്യക്തിയാണ് വാജ്‌പേയി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാജ്‌പേയിയുടെ ഓരോ സമയത്തെയും വിരുദ്ധ പ്രസ്താവനകള്‍ അതു ശരിവയ്ക്കുന്നതാണ്. ഹിന്ദുത്വ ഭീകരതയെ പിന്തുണയ്ക്കുകയും അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തശേഷം തന്റെ ഇമേജ് നിലനിര്‍ത്താന്‍ നടത്തിയ നിറംമാറ്റമല്ലാതെ മറ്റൊന്നുമല്ല ഈ 'സൗമ്യശീലന്റെ' മൃദുഹിന്ദുത്വം.ഹിന്ദുത്വരുടെ പിന്തുണ നഷ്ടപ്പെടുമെന്ന് ഭയന്ന വാജ്‌പേയി അയോധ്യ പ്രസ്ഥാനത്തിനൊപ്പമാണെന്നു വ്യക്തമാക്കാന്‍ ഒരവസരവും നഷ്ടപ്പെടുത്തിയില്ല. ബാബരി മസ്ജിദ് കേസില്‍ കുറ്റപത്രം ലഭിച്ച അഡ്വാനി ഉള്‍പ്പെടെയുള്ളവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ക്ഷേത്രം എല്ലാവരുടെയും ആഗ്രഹമാണെന്നും അത് ദേശീയ വികാരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് കേരളത്തിലെ കുമരകത്ത് വിശ്രമത്തിന് എത്തിയപ്പോള്‍, പള്ളി തകര്‍ത്തത് നഗ്നമായ നിയമലംഘനമാണെന്നു പറയാന്‍ ഒരു മടിയുമുണ്ടായില്ല. ഇതേ വാജ്‌പേയി തന്നെയാണ് പള്ളി പൊളിക്കാനുള്ള മിഷനുമായി എത്തിയ കര്‍സേവകരെ തലേദിവസം അഭിസംബോധന ചെയ്തതും. ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റത്തിന് സംഘപരിവാരം നിര്‍മിക്കുന്ന പ്രചാരണങ്ങളില്‍ വശംവദരായി 'മൃദുഹിന്ദുത്വം' പൊതുസ്വീകാര്യമെന്ന നിലപാടിലേക്ക് പലരും എത്തിച്ചേരുന്നുണ്ട്. എന്നാല്‍, വലതുപക്ഷ ഫാഷിസത്തില്‍ വാജ്‌പേയി എന്ന 'മൃദു'മുഖമോ മോദിയെന്ന 'തീവ്ര'മുഖമോ ഇല്ല. അതിന് ഒരൊറ്റ മുഖം മാത്രമാണുള്ളത്. അത് മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ി
Next Story

RELATED STORIES

Share it