Flash News

തീവണ്ടിയില്‍ സംഘപരിവാര സംഘത്തിന് സീറ്റൊഴിഞ്ഞ് കൊടുത്തില്ല ; 15കാരനെ കൊലപ്പെടുത്തി പുറത്തെറിഞ്ഞു



ന്യൂഡല്‍ഹി: തീവണ്ടിയില്‍ സീറ്റൊഴിഞ്ഞ് കൊടുക്കാത്തതിനെത്തുടര്‍ന്ന് 15കാരനെ സംഘപരിവാര സംഘം കൊലപ്പെടുത്തി ട്രയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ഉത്തര്‍പ്രദേശ് നോയിഡയിലെ അസോട്ടയിലാണ് സംഭവം. ബല്ലബ്ഗഡ് സ്വദേശി ഹാഫിസ് ജുനൈദാണ് മരിച്ചത്. ബല്ലബ്ഗഡ് സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന ഇവരെ സംഘം ആക്രമിക്കുകയും തടഞ്ഞുവയ്ക്കുകയും അസോട്ടയിലെത്തിയപ്പോള്‍ കത്തിയെടുത്ത് തുരുതുരാ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഓടുന്ന ട്രയിനില്‍ നിന്ന് രണ്ടു പേരെയും പുറത്തേക്കെറിഞ്ഞു. പരിക്കേറ്റ സഹോദരന്‍ സാക്കിര്‍ (24) എയിംസില്‍ ചികില്‍സയിലാണ്. സാക്കിറിന്റെ നില ഗുരുതരമാണ്. മുസ്്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കണമെന്നാക്രോശിച്ചായിരുന്നു ആക്രമണം. വേഷത്തില്‍ നിന്ന് ഇവര്‍ മുസ്്‌ലിംകളാണെന്ന് തിരിച്ചറിയാമായിരുന്നു. പെരുന്നാളിനായി ഡല്‍ഹിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി മടങ്ങുകയായിരുന്നു സഹോദരങ്ങള്‍. സാധനങ്ങള്‍ വാങ്ങിയശേഷം നിസാമുദ്ദീനില്‍ നിന്ന് മധുരയിലേക്കുള്ള ലോക്കല്‍ ട്രയിനില്‍ തിരിച്ചുപോവുകയായിരുന്നു ഇവര്‍. സാക്കിറിനെക്കൂടാതെ ഹാഷിം എന്ന സഹോദരനും കൂടെയുണ്ടായിരുന്നു. തുഗ്ലക്കാബാദില്‍ നിന്ന് കയറിയ അഞ്ചംഗ സംഘപരിവാര സംഘം ഇവരോട് അവര്‍ക്കായി സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവരെ വര്‍ഗീയമായി ആക്ഷേപിച്ച അഞ്ചംഗ സംഘം ഇവരെ ആക്രമിക്കുകയും ബല്ലബ്ഗഡില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അസോട്ടി സ്‌റ്റേഷനിലെത്തിയപ്പോള്‍ രണ്ടുപേരെയും കത്തിയെടുത്ത് കുത്തി. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇവരെ ട്രയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം സംഘം സ്റ്റേഷനില്‍ വണ്ടി നിറുത്തിയപ്പോള്‍ ഓടിപ്പോയി. പോലിസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദ് മരിച്ചു. മൃതദേഹം ഹരിയാന പല്‍വാല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്്തതായും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it