kozhikode local

തീരങ്ങളില്‍ ഇനി വറുതിയുടെ നാളുകള്‍



കോഴിക്കോട്: സംസ്ഥാനത്തിന്റെ തീരക്കടലില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലയ് 31 വരെ 47 ദിവസക്കാലം കേരള മൈറന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ കാലയളവില്‍ യന്ത്രവല്‍കൃത മല്‍സ്യബന്ധന ബോട്ടുകളോ ഒട്ട്‌ബോര്‍ഡ്/ഇന്‍ബോര്‍ഡ് എന്‍ജിന്‍ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ ട്രോളിങ് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല. പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങളായ ഒട്ട്‌ബോര്‍ഡ്/ഇന്‍ബോര്‍ഡ് എന്‍ജിന്‍ഘടിപ്പിച്ച വള്ളങ്ങള്‍ക്കും എന്‍ജിന്‍ ഘടിപ്പിയ്ക്കാത്ത വള്ളങ്ങള്‍ക്കും മറ്റ് തരത്തിലുള്ള മല്‍സ്യബന്ധന രീതകള്‍ അനുവദനീയമാണ്. അറ്റകുറ്റപണിയ്ക്ക് മറ്റ് ബേസുകളിലേയ്ക്ക് പോകേണ്ട യാനങ്ങള്‍ നിരോധനം ആരംഭിയ്ക്കുന്നതിന് മുമ്പ് തന്നെ എത്തേണ്ട ബേസുകളില്‍ പോയിരിക്കണം. അല്ലാത്ത പക്ഷം നിരോധന കാലയളവ് കഴിഞ്ഞേ കടലിലേയ്ക്ക് ഇറക്കുന്നതിന് അനുവദിയ്ക്കുകയുള്ളൂ. പുതിയാപ്പയിലും മറ്റും പല ബോട്ടുകളും ഇന്നലെ തന്നെ കരയ്ക്കടുപ്പിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി കടല്‍ ക്ഷോഭിച്ചതിനെ തുടര്‍ന്ന് മീന്‍ വരവ് വളരെ കുറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാരായ കുളച്ചല്‍കാരാണ് ജില്ലയില്‍ ഏറെയും മല്‍സ്യബന്ധനത്തിന് പോവുന്നത്. ഇവര്‍ നാട്ടിലേക്ക് മടങ്ങും. വിശുദ്ധ റമദാന്‍ നോമ്പുകാലത്ത് ട്രോളിങ് നിരോധനം വന്നത് മല്‍സ്യവിലയില്‍ വന്‍ കുതിപ്പുണ്ടാവും. ചെറിയ തോണികളില്‍ കൊണ്ടുവരുന്ന മീനിന് വലിയ വില കൊടുക്കേണ്ടതായും വരും. മറ്റു ജോലികള്‍ക്കൊന്നും പോയി ശീലമില്ലാത്ത മല്‍സ്യത്തൊഴിലാളികള്‍ ഇനിയുള്ള നാളുകള്‍ വീട്ടില്‍ തൊഴിലില്ലാതെ കഴിയേണ്ട അവസ്ഥയാണ്. കൂരകളില്‍ അടുപ്പെരിയാന്‍ വീട്ടമ്മമാരും കുഴങ്ങും. കടലിന്റെ മക്കള്‍ക്ക് ഇനി 47 ദിവസവും പട്ടിണിയുടെ പെരു മഴക്കാലമാവും. അതേസമയം, മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചതായും മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. വറുതിക്കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകട നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. നടപടികളുമായി മല്‍സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it