malappuram local

തിരൂരില്‍ മയക്കുമരുന്ന് പിടികൂടി; തേഞ്ഞിപ്പലം സ്വദേശി അറസ്റ്റില്‍

തിരൂര്‍: ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തിരൂരിലെത്തിച്ച മയക്കുമരുന്ന് പിടികൂടി. ഡിജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന വന്‍ വില വരുന്ന മീഥെലിന്‍ ഡയോക്‌സി മെത്താം ഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊറോളില്‍ വീട്ടില്‍ ആദില്‍ മുഹമ്മദില്‍  (25)  നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും റെയില്‍വെ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ്  മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.  8000 രൂപ വില വരുന്ന ഒരു ഗ്രാം എംഡിഎംഎ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും കേസില്‍ ഉന്നത തല അന്വേഷണം ആവശ്യമാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ദാമോദരന്‍ പറഞ്ഞു.
തിരൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് പരിധിയില്‍ ഇതാദ്യമായാണ് ഇത്തരമൊരു മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വ്യാഴാഴ്ച  വൈകീട്ട് മൂന്നിന് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. കേസ് സംബന്ധിച്ച പരിശോധനയും നടപടികളും രാത്രി ഏഴു വരെ നീണ്ടു നിന്നുവെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. വെള്ളത്തില്‍ കലക്കി ഉപയോഗിക്കാവുന്ന ഈ മയക്കുമരുന്ന് കൂടുതല്‍ ആനന്ദം നല്‍കുന്നതാണ്.
ഇതാണ് ഡിജെ പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ കാരണം. യുവാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും വില്‍പ്പനക്കല്ല ഗോവയില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം ഗോവയില്‍ നിന്ന് തേഞ്ഞിപ്പലം സ്വദേശി എന്തിനാണ് എത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.
Next Story

RELATED STORIES

Share it