Flash News

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി : മുഖ്യമന്ത്രി



കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം പാദം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിനു സമര്‍പ്പിച്ചു. നഗരകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു ഉദ്ഘാടനം. കൊച്ചിയില്‍ സമഗ്ര ഗതാഗതസംവിധാനം മുഖ്യമന്ത്രി പറഞ്ഞു. മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചുകഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലാരിവട്ടത്തു നിന്ന് കാക്കനാട് ഭാഗത്തേക്കുള്ള 11 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വരെ മെട്രോ നീട്ടുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വീസുകളും ഒക്കെ ചേര്‍ന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറും.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ഉടന്‍ നടപ്പാക്കും. ഇതൊരു നഗരഗതാഗത പദ്ധതി മാത്രമല്ല. നഗരത്തിന്റെ സാമ്പത്തിക, തൊഴില്‍ മേഖലകളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ ഇതു സഹായിക്കും. വേമ്പനാട്ടുകായല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ദ്വീപുകളിലുള്ളവര്‍ക്കും ഉപജീവനാവസരം കണ്ടെത്താനും പദ്ധതി സഹായിക്കും. 747 കോടി രൂപ ചെലവു വരുന്നതാണ് വാട്ടര്‍ മെട്രോ. വൈദ്യുത സിഎന്‍ജി ബസ്സുകളും നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയും നടപ്പാക്കും. ദേശീയ ജലപാതാ വികസനം 2020ഓടെ പൂര്‍ത്തീകരിക്കും. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി മുതല്‍ കലൂര്‍ വരെ 24 കോടി ചെലവഴിച്ച് ഡ്രൈനേജ് കം വാക്ക്‌വേ നിര്‍മിക്കാനും ഇടപ്പള്ളി, ആലുവ ജങ്ഷനുകള്‍ ഉയര്‍ത്താനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം രാജ്യത്ത് മെട്രോ റെയില്‍ഗതാഗതം 600 കിലോമീറ്ററാവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ജല മെട്രോയും റോഡ്ഗതാഗതവും ഉള്‍പ്പെട്ട സമഗ്ര ഗതാഗതസംവിധാനം കൂടുതല്‍ ഫലപ്രദമാവും. കുടുംബശ്രീയുമായി ചേര്‍ന്ന കൊച്ചി മെട്രോയുടെ സേവന സംവിധാനവും ട്രാന്‍സ്‌ജെന്ററുകളുടെ പ്രാതിനിധ്യവും അഭിനന്ദനാര്‍ഹമാണ്. മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it