wayanad local

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

കല്‍പ്പറ്റ: ജനുവരി ഒന്നുമുതല്‍ സബ്‌സിഡിയോടു കൂടിയ രാസവള ചില്ലറ വില്‍പന പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീന്‍ മുഖേന മാത്രമായിരിക്കുമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഫെര്‍ട്ടിലൈസര്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയിലും സബ്‌സിഡിയോടു കൂടിയ രാസവള വില്‍പന പൂര്‍ണമായി ഡിബിടി സമ്പ്രദായത്തിലാക്കുന്നത്. ഇതോടെ സബ്‌സിഡി കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ടെത്തും. വില്‍പനശാലകളില്‍ ഗുണഭോക്താവിന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് വില്‍പന രേഖപ്പെടുത്തുക.   ആധാര്‍ കാര്‍ഡില്ലാത്തപക്ഷം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി ഉപയോഗിക്കാം. എല്ലാ ചില്ലറ വില്‍പനശാലകളിലും പിഒഎസ് മെഷീന്‍ ഉണ്ടായിരിക്കണം. പിഒഎസ്, എംഎഫ്എംഎസ് ഐഡി എന്നിവ ഇല്ലാത്ത വില്‍പനശാലകള്‍ വില്‍പന നിര്‍ത്തിവയ്ക്കണം. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കും. 24ന് അര്‍ധരാത്രിയോടെ പിഒഎസ് സ്റ്റോക്ക് സീറോ ആവുന്നതും സ്റ്റോക്ക് പുനരേകീകരണത്തിന് ശേഷം 25  മുതല്‍ വില്‍പന തുടങ്ങുന്നതുമാണ്. ജില്ലാതലത്തില്‍ സ്റ്റോക്ക് പുനര്‍നിര്‍ണയത്തിനും മറ്റു നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, മൊത്തവിതരണക്കാര്‍, രാസവള കമ്പനി പ്രതിനിധികള്‍, കോ-ഓപറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. കൃഷിവകുപ്പ് ഉദേ്യാഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ സ്റ്റോക്ക് പുനര്‍ നിര്‍ണയം നടത്തും. സ്റ്റോക്ക് പുനര്‍നിര്‍ണയത്തിന് ശേഷം വില്‍പനക്കാര്‍ ഓപണിങ് സ്റ്റോക്ക് സംബന്ധിച്ചും പിഒഎസ് മെഷീന്‍ സംബന്ധിച്ചിട്ടുള്ള റിപോര്‍ട്ട് ബന്ധപ്പെട്ട കൃഷി ഓഫിസര്‍ക്ക് കൈമാറണം. ജില്ലാ കലക്ടര്‍ ചെയര്‍മാനായി വര്‍ക്കിങ് ഗ്രൂപ്പ് ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് 23നകം രാസവളം സാധാരണ നിലയില്‍ മുന്‍കൂര്‍ വാങ്ങാം. രാസവള സബ്‌സിഡി മാറ്റമില്ലാതെ തുടരും.
Next Story

RELATED STORIES

Share it