kasaragod local

തിരഞ്ഞെടുപ്പ് പരസ്യം: നിര്‍ദേശങ്ങള്‍ പാലിക്കണം- കലക്ടര്‍

കാസര്‍കോട്: സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ എംസിഎംസി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളില്‍ അംഗീകാരം നല്‍കുവാനുള്ള ചുമതല അതാത് ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സമിതികള്‍ക്കാണ്. ഉപഗ്രഹചാനലുകള്‍, റേഡിയോ ചാനലുകള്‍, വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ എന്നിവയ്ക്കുള്ള പരസ്യത്തിന് അംഗീകാരം നല്‍കുന്നതിനായുള്ള ചുമതല സംസ്ഥാന മീഡിയ റിലേഷന്‍ സമിതിക്കുമാണ്.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ കണ്‍വീനര്‍ക്ക് നല്‍കണം. ഓഡിയോ, വീഡിയോ സിഡി ഫോര്‍മാറ്റുകളില്‍ മൂന്നു കോപ്പി വീതം ലഭ്യമാക്കണം. കമ്മിറ്റി ഇത് പരിശോധിച്ച് നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ നല്‍കണം.
എസ്എംഎസ്, വീഡിയോ വാള്‍, സാമൂഹികമാധ്യമങ്ങള്‍, തീയേറ്റര്‍ സ്ലൈഡുകള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവയെല്ലാം ഇലക്‌ട്രോണിക് പരസ്യങ്ങളില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള പരസ്യ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ, സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ, പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതിനും കമ്മീഷന്‍ വിലക്കുണ്ട്. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ പാടില്ല.
Next Story

RELATED STORIES

Share it