തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ശിവസേന

മുംബൈ: ഉപതിരഞ്ഞെടുപ്പില്‍ ഇവിഎം, വിവിപാറ്റ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചെന്നു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന. തിരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യവും അധികാരത്തിലിരിക്കുന്നവരുടെ വെപ്പാട്ടിയാണെന്നു പാര്‍ട്ടി ആരോപിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്ക് ഏകാധിപത്യ മനോഭാവമാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സ്വന്തം നേട്ടത്തിനായിട്ടാണ് അവര്‍ കൃത്രിമം കാണിച്ചത്. തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണ്-സേനയുടെ മുഖപത്രമായ സാമ്‌ന ആരോപിച്ചു.
മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ, ഫാല്‍ഗഡ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവിഎം വിവി പാറ്റ് യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആയിരക്കണക്കിനു വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ചുപോയി എന്നാണ് ശിവസേന ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it