തിരഞ്ഞെടുപ്പുകാല വ്യാജവാറ്റ്

തിരഞ്ഞെടുപ്പുകാല വ്യാജവാറ്റ്
X
slug-viju
നമ്മുടേതു മാതിരിയുള്ള പ്രാതിനിധ്യ ജനാധിപത്യത്തിന്റെ കാതലായ ഒരു പ്രശ്‌നം, സ്വന്തം പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ പൗരാവലിക്കുള്ള പരിമിതിയാണ്.  രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുവയ്ക്കുന്ന ഉരുപ്പടികളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനേ വോട്ടര്‍ക്കു നിവൃത്തിയുള്ളൂ. ഒന്നിനെയും പിടിച്ചില്ലെങ്കില്‍ 'നോട്ട'യ്ക്കു കുത്തി നെടുവീര്‍പ്പിടാനുള്ള സൗകര്യം കൂടി അടുത്തകാലത്ത് കൈവന്നിട്ടുണ്ട്.
വ്യത്യസ്ത കക്ഷികള്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണ് അവരുടെ സ്ഥാനാര്‍ഥികള്‍. ടി രാഷ്ട്രീയരൂപങ്ങളില്‍നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തങ്ങള്‍ക്കുണ്ടെന്ന് പൗരാവലിക്ക് സമാധാനിക്കണമെങ്കില്‍, ഇപ്പറഞ്ഞ സെലക്ഷന്‍ പ്രക്രിയയില്‍ മാറ്റുരയ്ക്കുന്ന ചിന്താവിഷയങ്ങള്‍ രാഷ്ട്രീയപരമായിരിക്കണം. അതാണോ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്?
പ്രകടനപത്രികകളും പ്രകടമായ രാഷ്ട്രീയ പ്രമേയങ്ങളും കണ്‍മുമ്പിലിരിക്കെ നമ്മുടെ വോട്ടുചര്‍ച്ച ചൂടുപിടിച്ചിരിക്കുന്ന പ്രമേയം നോക്കുക- മദ്യം. പൗരാവലിയല്ല ഇങ്ങനെയൊരു ചര്‍ച്ച മുമ്പോട്ടുവച്ചത്. ടീം ഉമ്മന്‍ചാണ്ടിയും അതിന്റെ ഉല്‍സാഹക്കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന രണ്ടു പ്രമുഖ മാധ്യമസ്ഥാപനങ്ങളുമാണ്. മലയാള മനോരമയുടെ രാഷ്ട്രീയ ഇംഗിതത്തിന് മറയൊന്നും പണ്ടേതന്നെയില്ല. എന്നാല്‍, ദേശീയപ്രസ്ഥാനത്തിന്റെ ഒസ്യത്ത് അവകാശപ്പെടുന്ന മാതൃഭൂമിയുടെ കഥ അത്രയ്ക്കങ്ങട്ട് സുതാര്യമായിരുന്നില്ല. ദോഷം പറയരുതല്ലോ, കലശലായ ചാഞ്ചാട്ടം അനുഭവിച്ചുനിന്ന വീരേന്ദ്രകുമാറിന് ചാണ്ടി, എംപി കസേര കൊടുത്ത ശേഷമാണ് നമ്മുടെ 'ദേശീയ' പത്രവും അതിന്റെ വലിയ ചാനലും മേല്‍പ്പറഞ്ഞ ഉല്‍സാഹക്കമ്മിറ്റിയിലേക്കു ചാടിക്കയറിയത്. അങ്ങനെ ഇക്കൂട്ടര്‍ക്കെല്ലാം കള്ളുചിന്തയല്ലാതൊരു വോട്ടുചിന്തയില്ലെന്നായിരിക്കുന്നു. അഥവാ ഗാന്ധിയന്‍ പടയും മാധ്യമകേസരികളും പൊടുന്നനെ മദ്യനിരോധനത്തിന്റെ പുരോഹിതവര്‍ഗമായിരിക്കുന്നു.
മദ്യനിരോധനം എന്ന വാക്ക് ഗാന്ധിജയന്തിക്ക് ഉപന്യസിക്കുമ്പോഴല്ലാതെ ഉച്ചരിച്ചു ശീലമില്ലാത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. 60 കൊല്ലം രാജ്യം ഭരിച്ചപ്പോള്‍ കേന്ദ്രത്തിലോ സ്വന്തം ഭരണമുള്ള സംസ്ഥാനങ്ങളിലോ ഗാന്ധിയന്മാര്‍ ഗ്രന്ഥപ്പശുവിനെ പുല്ലുമേയാനിറക്കിയിട്ടുമില്ല. ഒടുവില്‍, 2015ലെ കേരളീയ ചക്കളത്തിപ്പോര് 730 ബാറുകളിലെ ബ്രാന്‍ഡി വില്‍പന നിര്‍ത്തിയതെങ്ങനെ എന്ന് മാളോര്‍ക്കൊക്കെ അറിയാം. എന്നാല്‍, ചക്ക വീണ് മുയലു ചത്ത കഥയെ വേദേതിഹാസമായി വലിച്ചുനീട്ടുന്ന അതിവിരുതിലേക്കാണ് പിന്നീട് കാര്യങ്ങള്‍ നീക്കിയത്. ബാര്‍ തുറക്കാന്‍ കോഴപറ്റിയവരും അതിനു കുടപിടിച്ചവരും ബിയര്‍-വൈന്‍ പാര്‍ലര്‍ വിന്യാസം നടത്തിയവരുമെല്ലാം പൊടുന്നനെ മഹാത്മാഗാന്ധിയും മന്മഥന്‍ സാറുമായി രൂപാന്തരപ്പെട്ടു. ബാറുകളെല്ലാം പൂട്ടി, ഘട്ടംഘട്ടമായി നിരോധനം ആരംഭിച്ചിരിക്കുന്നു ഇത്യാദിയാണ് പെരുമ്പറമേളം. റമ്മും ബ്രാന്‍ഡിയും വിസ്‌കിയും ബാറില്‍നിന്നെടുത്ത് സര്‍ക്കാര്‍പീടികയിലേക്ക് മാറ്റിവച്ചതിനെയാണ് മഹാത്മാക്കള്‍ മദ്യനിരോധനം എന്ന് വീമ്പിളക്കുന്നത്.
'ഘട്ടംഘട്ടം' കലാപരിപാടിയുടെ അന്തസ്സത്ത തന്നെ നാട്ടിലെ വാട്ടീസിന്റെ ലഭ്യത കുറയ്ക്കലാണല്ലോ. ബാറുകള്‍ വഴി നേരത്തേയുണ്ടായിരുന്ന ഹാര്‍ഡ് ലിക്കര്‍ വില്‍പന മൊത്തം വില്‍പനയുടെ 20 ശതമാനം മാത്രമായിരുന്നു. അതു നിര്‍ത്തി ബാറുകളെ ബിയര്‍-വൈന്‍ മേടകളാക്കി പുനര്‍വിന്യസിച്ചശേഷമുള്ള ഒരു കൊല്ലത്തില്‍ നാലു കോടി 77 ലക്ഷത്തിന്റെ അധികകച്ചോടമാണ് ഇപ്പറഞ്ഞ വീര്യമേറിയ ചരക്കിന്മേലുണ്ടായത്. ടി കാശ് സര്‍ക്കാര്‍ കീശയില്‍ത്തന്നെ കൃത്യമായി വീണു എന്നതില്‍ നമുക്ക് ദേശാഭിമാനം കൊള്ളാം. കൂട്ടിയ നികുതിയാണ് ഈ വര്‍ധനയുടെ ഹേതു എന്നാണ് ചാണ്ടിപ്പടയുടെ വ്യാഖ്യാനം. കഷ്ടി രണ്ടരക്കോടി വരുന്നില്ല മൊത്തം വില്‍പനയ്ക്കുമേല്‍ വിലകൂട്ടല്‍ വഴിയുണ്ടായ അധിക വരുമാനം. ബാക്കിയോ? ഫലം ലളിതമാണ്. ഉപഭോഗത്തില്‍ അരക്കുപ്പിയുടെ പോലും കുറവുണ്ടായിട്ടില്ല. ബാറുകള്‍ മുഖേന വിറ്റിരുന്ന ചരക്കു കൂടി സര്‍ക്കാര്‍പീടിക വഴി വിറ്റഴിക്കുന്നു. ടി വില്‍പനയുടെ തോത് മൊത്തമായി കൂടിയിരിക്കുന്നു.
ചാണ്ടിപ്പട പൊടുന്നനെ ഗാന്ധിദര്‍ശനമേറ്റ് മഹാത്മാക്കളായപ്പോഴാണ് ബാറുകള്‍ക്ക് പിടി വീണത് എന്നാണല്ലോ വിശുദ്ധവാണി. 20 ശതമാനം മാത്രം വീര്യതേജസ് വിറ്റിരുന്ന ബാറുകളെ അടങ്കമങ്ങ് പിടിച്ചപ്പോള്‍ 80 ശതമാനം വിറ്റുപോരുന്ന സ്വന്തം പീടികശൃംഖലയെ എന്തുകൊണ്ട് ഇതേമാതിരി പിടിച്ചില്ല എന്ന ചോദ്യം ചിഞ്ചിലമടിക്കാര്‍ക്കില്ല. കുറഞ്ഞപക്ഷം ഈ സ്വന്തം കടയുടെ 20 ശതമാനമെങ്കിലും പൂട്ടി മാതൃക കാട്ടാമായിരുന്നില്ലേ? അവിടെയാണ് ചാണ്ടിഭരണത്തിന്റെ പ്രകൃതവിശേഷത്തിലേക്കുള്ള ഒരു ചാവി. റവന്യൂ പിരിവ് കുളമാക്കിയെടുത്ത പരിണതജ്ഞനാണ് ധനമന്ത്രി. അരനൂറ്റാണ്ടിന്റെ ക്ഷാത്രവീര്യം ഘോഷിക്കുന്ന ടിയാനു കീഴില്‍ കാലണയുടെ ചെലവില്ലാതെ പൂര്‍ണവരുമാനം കിട്ടിയ ഒരേയൊരു റവന്യൂ സ്രോതസ്സായിരുന്നു കള്ള്. ധാര്‍മികതയുടെ പേരില്‍ ഈ കാശങ്ങ് വേണ്ടെന്നുവയ്ക്കും എന്നായിരുന്നു ചാണ്ടിയുടെ വീരവാദം. എന്നിട്ടോ? അടുത്ത ഓണക്കാലത്തേക്കും തുടര്‍ന്നുള്ള അര്‍ധവാര്‍ഷികച്ചെലവിനത്തിനും ഇതേ അധാര്‍മിക സ്രോതസ്സില്‍നിന്ന് അഡ്വാന്‍സെടുത്ത് തുടിയടിച്ചു!
കഴിഞ്ഞ ഏഴെട്ടുമാസമായി നാട്ടിലെ മാധ്യമങ്ങളില്‍ സ്ഥിരം പംക്തിയായിരുന്ന മറ്റൊരു വൃത്താന്തമോര്‍ക്കുക. കേരളത്തില്‍ കഞ്ചാവിനങ്ങളുടെ കേളീവിലാസം. ഇപ്പോള്‍ സംഗതി ഗ്രാജ്വേഷനും കടന്നിരിക്കുന്നു- ഹെറോയിന്‍ തൊട്ട് പെത്തഡിന്‍ കുത്തിവയ്പ് വരേയ്ക്ക്. വെള്ളമടിച്ചാലേ തലയ്ക്കു പിടിക്കൂ, മറ്റേതത്ര പ്രശ്‌നമല്ലെന്ന മട്ടിലാണ് ഭരണകൂടം. ഗാന്ധിയന്‍ സാഹിത്യത്തില്‍ ഇടുക്കി ഗഞ്ച ഇടംപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറയുടെ അഭാവം പരിഹരിക്കേണ്ടതുണ്ടാവാം.
പുനര്‍വിന്യാസം നടത്തിയ ബാറുകളിലെ ബിയര്‍-വൈന്‍ കച്ചോടമാണ് സര്‍ക്കാര്‍ നിര്‍ണയത്തിന്റെ അടുത്ത കള്ളവാറ്റ്. മുന്‍കൊല്ലത്തേക്കാള്‍ ക്ലീന്‍ 150 ശതമാനം കൂടുതലാണ് ഈ പുതിയ റൂട്ട് വഴിയുള്ള ബിയര്‍ കച്ചോടം. ഇളനീരാണു വിതരണം ചെയ്യുന്നതെന്ന ലാഘവത്തോടെയാണ് ഇക്കാര്യത്തിലുള്ള പൊതുചര്‍ച്ച. ബാറില്‍ കയറുന്നവര്‍ ശരാശരി നാലും അഞ്ചും കുപ്പി ബിയര്‍ കുടിക്കുന്നു എന്നതാണു കണക്ക്. ഇതില്‍ത്തന്നെ വീര്യം കൂടിയ ബിയറുകള്‍ക്കാണ് ഡിമാന്‍ഡ്. അതുംപോരെങ്കില്‍ ബാബു എന്ന ഓമനപ്പേരില്‍ ബിയര്‍-വൈന്‍ സംയുക്തം ഒരു പുതിയ ബ്രാന്‍ഡ് തന്നെയായിരിക്കുന്നു. വിപ്ലവാരിഷ്ടം എന്നു മലയാളം പരിഭാഷ. സര്‍ക്കാര്‍പീടികയിലെ അധികവില്‍പനയും ബാറുകളിലെ ഈ പുതിയ പാനീയപ്രപഞ്ചവും ചേര്‍ത്തുകൂട്ടിയാല്‍ സംഗതി വ്യക്തം- കേരളത്തിലെ മദ്യലഭ്യത 'ബാര്‍ നിരോധനം' വരുന്നതിനു മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായിരിക്കുന്നു.
കള്ളിനില്ല കള്ളം. പക്ഷേ, അതിന്മേല്‍ രാഷ്ട്രീയനയം പറയുന്ന നാവുകള്‍ കണ്ണടച്ചിരുട്ടാക്കുമ്പോള്‍ ഒന്നുകില്‍ അവര്‍ക്ക് ലക്കില്ല. അല്ലെങ്കില്‍ വോട്ടറുടെ ലക്ക് കെടുത്താന്‍ അവര്‍ ഉദ്യമിക്കുന്നു. ഇതിലേതാണ് നടപ്പുനേര്?
ബാര്‍ കോഴ തൊട്ട് സോളാര്‍ വരെ ടണ്‍കണക്കിന് കുംഭകോണങ്ങള്‍. മണ്ണും മലയും മരവും വയലും മുറിച്ചും മറിച്ചും വില്‍ക്കുന്ന തദ്ദേശീയഭീകരത. കാലണയുടെ ആരോഗ്യമില്ലാത്ത പൊതുഖജാന. യുഡിഎഫിന്റെ സന്ധിബന്ധുക്കളുടെ സ്വന്തം റബറടക്കം മൊത്തത്തില്‍ ഗോപി വരച്ചുനില്‍ക്കുന്ന കൃഷി. ഗത്യന്തരമില്ലാതെ കെട്ടിത്തൂങ്ങിയ 505 കര്‍ഷകര്‍. എമര്‍ജിങ് കേരളം എന്ന നനഞ്ഞ പടക്കം വച്ച് കമ്പക്കെട്ടു നടത്തിപ്പോരുന്ന വ്യവസായവകുപ്പ്. പാടേ നോക്കുകുത്തിയായി മാറിക്കഴിഞ്ഞ പൊതുവിതരണ സെറ്റപ്പ്. കേവലമായ പരീക്ഷാനടത്തിപ്പുപോലും നേരേചൊവ്വേ നടത്താന്‍ പറ്റാത്ത വിദ്യാഭ്യാസമേഖല. ഇങ്ങനെ ഓരോ മേഖലയും അലമ്പാക്കിയെടുത്തിട്ട് ഒക്കെയും മറയ്ക്കാന്‍പറ്റിയ ദേശീയ ഉഡായിപ്പുകളാണ് വികസനം എന്ന ലേബലില്‍ ഘോഷിക്കുന്നത്. എയര്‍ഫോഴ്‌സ് വിമാനം ഒരുവട്ടമിറക്കിയിട്ട് കണ്ണൂരില്‍ എയര്‍പോര്‍ട്ടായി എന്നു വിളംബരപ്പെടുത്തുന്ന ഉളുപ്പില്ലായ്മ ഒരുഭാഗത്ത്. ബാങ്ക് കൗണ്ടറും തട്ടുകടയുമൊക്കെ ഐടി കമ്പനികളായി അവതരിപ്പിക്കപ്പെടുന്ന സ്മാര്‍ട്ട്‌സിറ്റിയുടെ സ്മാര്‍ട്ട്‌നസ് മറ്റൊന്ന്. ഭാവിയിലെ മുദ്രാ കുംഭകോണമായി മാറാന്‍ പാകത്തില്‍ അദാനിക്ക് തീറെഴുതിയ വിഴിഞ്ഞം പോര്‍ട്ട്. ഇമ്മാതിരി വകതിരിവില്ലായ്മയ്ക്ക് വികസനം എന്ന ലേബല്‍ ഒട്ടിച്ച് നാട്ടാരെക്കൊണ്ട് ഏറ്റുപാടിക്കുക. പ്രകടവും ഗംഭീരവുമായ ഈ പരാജയം മൂടിയിടാനുള്ള ഒറ്റക്കമ്പളമാണ് മദ്യനയത്തിന്മേലുള്ള ചര്‍ച്ച. ഇത്തരം പച്ചയായ പൊള്ളത്തരത്തിന്മേലാണോ ഇലക്ഷന്‍ കാലത്ത് വോട്ടര്‍മാര്‍ ചര്‍ച്ച നടത്തേണ്ടത്?                        ി
Next Story

RELATED STORIES

Share it