malappuram local

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്പ്രതിയുടെ സംരക്ഷണത്തിനായി ഉന്നത ഇടപെടലെന്ന് സൂചന

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ 10 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലിസ് നടപടി കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുണ്ടെന്നതിന്റെ ശക്തമായ സൂചനയാവുന്നു. ലൈംഗികാതിക്രമം തിയേറ്റര്‍ ഉടമ യഥാസമയം പോലിസില്‍ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ഇന്നലെ തിയേറ്റര്‍ ഉടമ സതീശനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
അതേസമയം, തിയേറ്റര്‍ ഉടമ സംഭവം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനിനെ അറിയിച്ചിട്ടും ചൈല്‍ഡ്‌ലൈന്‍ പോലിസിന് കൈമാറിയിട്ടും 15 ദിവസത്തോളം പോലിസ് ഇക്കാര്യം അന്വേഷിക്കാതെ മറച്ചുവച്ചത് ഈ കേസിലെ മുഖ്യപ്രതിയുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിലാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഒരു മന്ത്രിയുള്‍പ്പെടെയുള്ള ഭരണരാഷ്ട്രീയക്കാര്‍ ഇയാള്‍ക്കു വേണ്ടി രംഗത്തുണ്ടെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രക്ഷോഭ രംഗത്തു വന്നിരുന്നു. കേസില്‍ റിമാന്റിലായ പ്രതി മൊയ്തീന്‍കുട്ടിയ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജി വര്‍ഗീസ് പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാത്തതും ഏറെ സംശയമുയര്‍ത്തിയിരുന്നതാണ്. ഇന്നലെ തിയേറ്റര്‍ ഉടമയെ പോലിസ് ചോദ്യംചെയ്യാനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതോടെ ഈ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ഉന്നത നീക്കം നടക്കുന്നുവെന്നാരോപണം ശരിവയ്ക്കുന്ന സ്ഥിതിയാണുള്ളത്.
പീഡന വാര്‍ത്ത ചൈല്‍ഡ് ലൈനിനെ അറിയിച്ച തിയേറ്റര്‍ ഉടമയോട് കുറ്റവാളിയെപോലെയാണ് പോലിസ് പെരുമാറുന്നതെന്നും ഒട്ടേറെ തവണ ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നുമാണറിയുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുള്ള ഈ സംഭവത്തില്‍ പോലിസ് അതിനുള്ള പ്രതികാരമാണ് തീയേറ്റര്‍ ഉടമയോട് കാണിക്കുന്നതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it