Kottayam Local

തിടനാട് ചാത്തന്‍കുളത്ത് പാറമടയ്ക്ക് എതിരേ നാട്ടുകാര്‍ രംഗത്ത്

ഈരാറ്റുപേട്ട: തിടനാട് പഞ്ചായത്തിന്റെയും മീനച്ചില്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍ ചാത്തന്‍കുളത്തു പ്രവര്‍ത്തിക്കുന്ന പാറമടയ്‌ക്കെതിരേ നാട്ടുകാര്‍ രംഗത്ത്. പാറമടയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മൂലം ജനജീവിതം ദുരിതത്തിലാണെന്ന് സൂചിപ്പിച്ച് നാട്ടുകാര്‍ പരാതികളുമായി രംഗത്തെത്തിയിട്ട് ഏറെനാളായി. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ പാറമട പ്രവര്‍ത്തിക്കുകയാണ്.
പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങളില്‍ സമീപത്തെ വീടുകള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചു. പാറമടയില്‍ നിന്ന് 200 മീറ്റര്‍ മാറി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികള്‍ക്കു പൊടിലശ്യംമൂലം പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. പ്രദേശവാസികള്‍ തിടനാട്, മീനച്ചില്‍ പഞ്ചായത്തുകളിലും വില്ലേജിലും പോലിസിലും പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നിയന്ത്രണവും പാറമടയ്‌ക്കെതിരേ ഉണ്ടായിട്ടില്ല. പൂര്‍ണമായും നിയമം ലംഘിച്ചാണു പാറമടയുടെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ ആരോപിച്ചു. 100 അടിയോളം താഴ്ചയില്‍ നിന്നാണ് ഇപ്പോള്‍ കല്ലു പൊട്ടിച്ചു നീക്കിക്കൊണ്ടിരിക്കുന്നത്. കല്ലു പൊട്ടിച്ചു വലിയ കിണര്‍ തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ഏക ജലസ്രോതസായ ആനിക്കുഴി തോട്ടിലേക്കാണ് പാറമടയില്‍ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.
പകലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന പാറമടയിലെ ശബ്ദമലിനീകരണം മൂലം ജനജീവിതത്തിനും കുട്ടികളുടെ പഠനത്തിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.അനുവദിച്ചിട്ടുള്ളതിലും പലമടങ്ങു പാറയാണ് ദിവസവും ഇവിടെ പൊട്ടിക്കുന്നത്. ക്വാറിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമസം പാടില്ലെങ്കിലും ഇവിടത്തെ തൊഴിലാളികളെ ക്വാറിയുടെ സമീപത്തുതന്നെയാണു താമസിപ്പിക്കുന്നത്.
ക്വാറിയുടെ സമീപത്തു താമസിക്കുന്ന വീട്ടിലെ അമ്മയ്ക്കും കുട്ടിക്കും മടയില്‍ നിന്നുള്ള കല്ലു വീണു പരുക്കേറ്റ സംഭവവുമുണ്ട്. കൊണ്ടൂര്‍, പൂവരണി വില്ലേജുകളുടെ അതിര്‍ത്തി കടന്നുപോകുന്നതു ക്വാറിക്കുള്ളിലൂടെയാണ്. ഇതു സംബന്ധിച്ച തെളിവുകള്‍ നശിപ്പിച്ചിരിക്കുകയാണെന്നും പരാതികളുമായി വില്ലേജ് ഓഫിസില്‍ എത്തിയാല്‍ അടുത്ത വില്ലേജിലേക്കു കൈമാറി ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടി.പാറമടയുടെ 75 മീറ്ററിനുള്ളില്‍ക്കൂടി തോട് ഒഴുകുന്നുണ്ടെങ്കിലും കോടതികളിലും ലൈസന്‍സിനായും കാണിച്ചിരിക്കുന്ന രേഖകളില്‍ തോടില്ലെന്നു വ്യാജമായി കാണിച്ചിരിക്കുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നു നാലു മീറ്റര്‍ മാത്രം മാറിയാണു ഖനനം നടക്കുന്നത്. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാതെയാണു ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it