kasaragod local

താളിപ്പടുപ്പ് മൈതാനം ഇനിയും നഗരസഭയ്ക്ക് കൈമാറിയില്ല

കാസര്‍കോട്: റവന്യു വകുപ്പിന്റെ കീഴിലുള്ള താളിപ്പടുപ്പ് മൈതാനം 2009ല്‍ കാസര്‍കോട് നഗരസഭയ്ക്ക് സര്‍ക്കാര്‍ ലീസിന് നല്‍കിയെങ്കിലും സ്ഥലം ഇതേവരെ അളന്ന് തിട്ടപ്പെടുത്തിയില്ല. നഗരസഭയ്ക്ക് ഇതുമൂലം ഉണ്ടായ നഷ്ടം കാല്‍കോടിയോളം രൂപ. കാസര്‍കോട്-കുമ്പള ദേശീയ പാതയിലെ അടുക്കത്ത്ബയല്‍ സ്‌കൂളിന് സമീപത്താണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റവന്യു വകുപ്പിന്റെ സ്ഥലം തരിശായി കിടന്നിരുന്നത്.
ഈ സ്ഥലം നഗരസഭയ്ക്ക് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭ ഭരണ സമിതി അന്നത്തെ റവന്യുമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ പ്രസ്തുത സ്ഥലം നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. പ്രതിവര്‍ഷം 2.87 ലക്ഷം രൂപയാണ് നഗരസഭ റവന്യു വകുപ്പിന് പാട്ട തുകയായി നല്‍കേണ്ടത്.
3.25 ഏക്കര്‍ സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ചില സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയേറിയിരുന്നു. ഇതിനേ തുടര്‍ന്ന് റവന്യു വകുപ്പ് സ്ഥലം അളന്നപ്പോള്‍ 2. 27 ഏക്കര്‍ സ്ഥലം മാത്രംമുള്ളതായാണ് കണ്ടെത്തിയത്. ഈ സ്ഥലം അന്ന് അതിര്‍ത്തി തിരിച്ച് നഗരസഭയ്ക്ക് നല്‍കാന്‍ റവന്യു വകുപ്പ് തയ്യാറായില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി നഗരസഭ പ്രതിവര്‍ഷം 2.87 ലക്ഷം രൂപ വീതം പാട്ട തുക റവന്യു വകുപ്പില്‍ അടച്ച് കൊണ്ടിരിക്കുകയാണ്.
പ്രസ്തുത സ്ഥലം നഗരസഭയ്ക്ക് കൈമാറി കിട്ടാത്തതിനാല്‍ നഗരസഭയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രസ്തുത സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലായാല്‍ മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുമാനം ഉണ്ടാക്കാമെന്നായിരുന്നു നഗരസഭ കണക്ക് കൂട്ടിയിരുന്നത്.
അതല്ലെങ്കില്‍ റവന്യു വകുപ്പിന് നഗരസഭ അടയ്ക്കുന്ന 2.87 ലക്ഷം രൂപ നാമമാത്ര വിലയാക്കി കുറയ്ക്കണമെന്നും സ്ഥലം നഗരസഭയ്ക്ക് വിട്ട് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഭരണസമിതി. കാസര്‍കോട് നഗരസഭയ്ക്കായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന് പതിനൊന്നര ഏക്കര്‍ സ്ഥലം നേരത്തേ നാമമാത്ര വിലയായ രണ്ടായിരം രൂപ പ്രകാരം ഒരു വര്‍ഷത്തിന് പാട്ടത്തിന് നല്‍കിയിരുന്നു.
ഈ സംവിധാനം താളിപ്പടുപ്പ് മൈതാനത്തിനും ബാധകമാക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. ഇന്നലെ കാസര്‍കോട് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന താലൂക്ക് വികസന യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നടപടി ഉണ്ടായിട്ടില്ലെന്നും സ്റ്റിയറിങ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
പാട്ട തുക കുറയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ സ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കുമെന്നും പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കും പോലെ ചെയ്യാമെന്നും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാറിന് കത്തയക്കാന്‍ അധ്യക്ഷത വഹിച്ച എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നഗരസഭ അധികൃതരോട് നിര്‍ദേശിച്ചു. വിവിധ രാഷ്ടീയ പ്രതിനിധികളായ , ടി. കൃഷ്ണന്‍, അബ്ദുര്‍റഹ് മാന്‍ ബാങ്കോട്, അഡ്വ.കെ ശ്രീകാന്ത്, മുഹമ്മദ് ഹനീഫ, എം അനന്തന്‍ നമ്പ്യാര്‍, തഹസില്‍ദാര്‍ കെ നാരായണന്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it