ernakulam local

താലൂക്ക് ആശുപത്രി പേവാര്‍ഡില്‍ വന്‍ സാമ്പത്തിക തിരിമറി



മുവാറ്റുപുഴ: താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള പേ വാര്‍ഡില്‍ നടന്ന സാമ്പത്തിക തിരിമറികള്‍ പുറത്തായി. തിരിമറികളെക്കുറിച്ച് അന്വേഷിച്ച്് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ചുമതലപ്പെടുത്തിയ ചീഫ് അക്കൗണ്ടന്റ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭാ ഭരണാധികാരികള്‍ക്ക് കൈമാറി. 2015 ജനുവരി 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ചതും, പിന്‍വലിച്ചതുമായ കണക്കുകളില്‍ വന്‍ തിരിമറിയാണ് ചീഫ് അക്കൗണ്ടന്റ് കണ്ടെത്തിയിരിക്കുന്നത്. ചെലവിനങ്ങളില്‍ ചെലവിന്റെ ബില്ലുകളോ, വൗച്ചറുകളോ ഇല്ല. ചെലവ് ബില്ലുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് തുണ്ടുകടലാസുകളിലാണ്. പേ വാര്‍ഡ് ക്ലീനിങ്ങിനായി കൂലി നല്‍കിയത് കൈപ്പറ്റിയിരിക്കുന്നത് പല വ്യക്തികളാണ്. ചുമതലക്കാന്‍ മുന്‍കൂറായി വാങ്ങിയ തുകയ്ക്ക് വൗച്ചര്‍ പോലും ഇല്ല. 2016 മെയ് മുതല്‍ 2017 മാര്‍ച്ച് വരെ ഒരു രൂപാ പോലും ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നും കണ്ടെത്തി.2015 ജനുവരി മുതല്‍ ഇവിടെ ചുമതലയേറ്റ പ്രമോദ് മോഹനന്‍ എന്നയാള്‍ നഗരസഭയറിയാതെ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന് കാണിച്ച് നഗരസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ചീഫ് അക്കൗണ്ടന്റിനെക്കൊണ്ട് കണക്കുകള്‍ പരിശോധിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിരുന്നത്. വരവുചെലവ് കണക്കുകള്‍ നഗരസഭക്ക് കൈമാറിയെങ്കിലും നഗരസഭാ ഭരണാധികാരികള്‍ അറിയാതെ ചുമതലക്കാരന്‍ കൈക്കലാക്കിയ പണം നാളിതുവരെ നഗരസഭക്ക് കൈമാറിയിട്ടില്ല. പണം കൊണ്ടുപോയ വ്യക്തിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ പോലും മാസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it