താരീഖ് അന്‍വര്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് എന്‍സിപി വിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 19 വര്‍ഷത്തിനു ശേഷമാണ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോടു കലഹിച്ച് ശരദ് പവറിനും അന്തരിച്ച പി എ സാംഗ്മയ്ക്കും ഒപ്പം കോണ്‍ഗ്രസ് വിട്ടതാണ് താരിഖ് അന്‍വര്‍. ഒരുമാസം മുമ്പ് ഇദ്ദേഹം എന്‍സിപി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ്സിലേക്കു മടങ്ങിയെത്തിയ താരിഖ് അന്‍വര്‍ ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള രാഹുലിന്റെ വസതിയിലെത്തിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട്, ബിഹാര്‍ പാര്‍ട്ടി സെക്രട്ടറി ശക്തികാന്ത് ഗോഹ്ലി എന്നിവരും സന്നിഹിതരായിരുന്നു. സപ്തംബര്‍ 28ന് എന്‍സിപി വിടുന്നതായി പ്രഖ്യാപിച്ച താരിഖ് അന്‍വര്‍, തന്റെ ലോക്‌സഭാംഗത്വവും ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. റഫേല്‍ യുദ്ധവിമാന ഇടപാടിലെ വിവാദങ്ങളില്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതാണ് താരിഖിനെ പ്രകോപിപ്പിച്ചത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി ബിഹാറിലെ കത്തിഹാര്‍ മണ്ഡലത്തില്‍ മല്‍സരിച്ച താരിഖ് കോണ്‍ഗ്രസ്സിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെയാണു വിജയിച്ചത്. 1980ല്‍, 29ാമത്തെ വയസ്സില്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചു വിജയിച്ചിരുന്നു. പിന്നീട് 1984, 96, 98 വര്‍ഷങ്ങളിലും ഇവിടെ നിന്നു തുടര്‍ച്ചയായി വിജയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ താരിഖ് അന്‍വര്‍, 2012ല്‍ കേന്ദ്ര കൃഷി സഹമന്ത്രിയുമായിരുന്നു. 1999ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ്,കോണ്‍ഗ്രസ്സിന്റെ ബിഹാര്‍ അധ്യക്ഷനായിരുന്ന താരിഖ് അന്‍വര്‍ പാര്‍ടി വിട്ടത്.



Next Story

RELATED STORIES

Share it