Editorial

താജ്മഹല്‍ ശിവക്ഷേത്രമോ?

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യം. ഈയൊരു ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ പല രീതിയില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഗോസംരക്ഷണത്തിന്റെയും ലൗജിഹാദിന്റെയും പേരിലും മറ്റു പല വിഷയങ്ങളും മുന്‍നിര്‍ത്തി സൃഷ്ടിക്കുന്ന സംഭവപരമ്പരകളിലൂടെയും അവര്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനു മുന്നോടിയെന്നോണമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായിരുന്ന ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ഇങ്ങനെ മുസ്‌ലിം ആരാധനാലയങ്ങളും സ്മാരകങ്ങളുമടക്കം ഇന്ത്യയില്‍ നിന്നു പടിപടിയായി നിഷ്‌കാസനം ചെയ്തുകൊണ്ടിരിക്കുന്നു. ബാബരി ധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലില്‍ കഴുകന്മാര്‍ കണ്ണുവച്ചിരിക്കുന്നത്. ബാബരി മസ്ജിദ് രാമക്ഷേത്രമായിരുന്നെങ്കില്‍ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. ബിജെപി എംപി വിനയ് കത്യാര്‍, എംഎല്‍എമാരായ സംഗീത് സോം, ജഗര്‍ പ്രസാദ് നര്‍ഗ് തുടങ്ങി അനവധി ഹിന്ദുത്വനേതാക്കള്‍ താജ്മഹലിനെക്കുറിച്ച് പച്ചക്കള്ളങ്ങളാണ് പടച്ചുവിടുന്നത്. ഒടുവില്‍ യുപിയിലെ ടൂറിസം വകുപ്പിന്റെ ബ്രോഷറില്‍ നിന്നുപോലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന രണ്ടാമത്തെ കേന്ദ്രമായ, ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച താജ്മഹലിനെ നിഗൂഢമായി തഴഞ്ഞതും ഈ ലക്ഷ്യത്തിന്റെ ഭാഗമായി വേണം കാണാന്‍. താജ്മഹല്‍ ഹിന്ദുരാജാവായിരുന്ന മിര്‍സാ ജയ്‌സിങ് നിര്‍മിച്ച ശിവക്ഷേത്രമോ ഹിന്ദു രാജകൊട്ടാരമോ ആണ്, ഷാജഹാന്‍ അതു പിടിച്ചടക്കി സ്മാരകമാക്കി മാറ്റിയതാണ്, തേജോമഹാലയ എന്ന ശിവക്ഷേത്ര നാമത്തില്‍ നിന്നു പരിണമിച്ചതാണ് താജ്മഹല്‍ എന്ന നാമം- ഇങ്ങനെയൊക്കെയാണ് ഹിന്ദുത്വവാദികള്‍  പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ഇത്തരം വാദങ്ങള്‍ ശുദ്ധവിഡ്ഢിത്തമാണ്. താജ്മഹല്‍ നിര്‍മിച്ചിരിക്കുന്ന സ്ഥലം മിര്‍സാ ജയ്‌സിങില്‍ നിന്നു വാങ്ങിയതാെണന്നത് ശരിതന്നെ. പക്ഷേ, തല്‍സ്ഥാനത്ത് ശിവക്ഷേത്രമോ രാജകൊട്ടാരമോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും, ഷാജഹാന്‍ അദ്ദേഹവുമായി ഒരു യുദ്ധത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ജീവചരിത്രമായ ബാദ്ഷാനാമയിലും ചരിത്രഗ്രന്ഥങ്ങളിലും കൊട്ടാരം വിജ്ഞാപനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു മാത്രമല്ല, 1632ല്‍ താജ്മഹല്‍ നിര്‍മാണം തുടങ്ങുന്നതു മുതല്‍ 22 വര്‍ഷം പിന്നിട്ട് 1653ല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെയുള്ള ചെലവും മറ്റു വിശദമായ വിവരങ്ങളുമെല്ലാംതന്നെ കൊട്ടാരം ചരിത്രകാരന്‍ അബ്ദുല്‍ ഹമീദ് ലഹൗരി ബാദ്ഷാനാമയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ താജ്മഹലിന്റെ നിര്‍മാണ കാലഘട്ടത്തില്‍ ആഗ്ര സന്ദര്‍ശിച്ച പീറ്റര്‍ മുണ്ടി (1632), ടവേര്‍നിയര്‍ (1640-41), നിക്കോള മൗച്ചി, ഫ്രാന്‍സിസ് ബേര്‍നിയര്‍ തുടങ്ങി നിരവധി വിദേശ സഞ്ചാരികളുടെ അനുഭവക്കുറിപ്പുകളും താജ്മഹല്‍ ശിവേക്ഷത്രമായിരുന്നില്ല എന്നു വെളിപ്പെടുത്തുന്നു. മാത്രമല്ല, ഹിന്ദുമതവിശ്വാസികള്‍ അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിലാണ് ക്ഷേത്രങ്ങള്‍ പണിയുന്നത്. അതുകൊണ്ടുതന്നെ വിഷ്ണുഭക്തന്‍മാരായ മാന്‍സിങ് രാജവംശം (മിര്‍സാ ജയ്‌സിങ് ഉള്‍പ്പെടെയുള്ള) ഒരിക്കലും ശിവക്ഷേത്രം പണിയാനുള്ള സാധ്യതയുമില്ല. അതുകൊണ്ടുതന്നെ അഗ്രേശ്വര തേജോമഹാലയ എന്ന ശിവക്ഷേത്രമാണ് താജ്മഹലായി മാറിയതെന്ന വാദം തീര്‍ത്തും അപ്രസക്തമാണ്. മാത്രമല്ല, താജ്മഹലിന്റെ വാസ്തുശില്‍പം ഒരു ക്ഷേത്രത്തിന്റെ വാസ്തുശില്‍പത്തിന് അനുയോജ്യമല്ലാത്തതും ഹിന്ദുത്വവാദികളുടെ കുപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതാണ്.
Next Story

RELATED STORIES

Share it