Flash News

താക്കോല്‍ സൂക്ഷിപ്പു കാര്യം

താക്കോല്‍ സൂക്ഷിപ്പു കാര്യം
X
പ്രവാചകന്റെ മക്കാ ജീവിത കാലം. ഒരിക്കല്‍ കഅ്ബാലയത്തിനരികിലെത്തിയ പ്രവാചകനു കഅ്ബക്കുളളിലൊന്നു കയറി നമസ്‌കരിക്കണമെന്നാഗ്രഹം ജനിച്ചു.
അക്കാലത്ത് വിശുദ്ധ കഅ്ബയുടെ താക്കോല്‍  സൂക്ഷിപ്പുകാരന്‍ ഉസ്മാനു ബ്‌നു ത്വല്‍ഹ എന്നയാളായിരുന്നു.പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ച് തന്റെ ആവശ്യം ഉന്നയിച്ചു.ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട കഅ്ബാലയത്തിനുളളില്‍ പ്രവേശിക്കാന്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് തന്നോട് താക്കോല്‍ ചോദിക്കുന്നത് എന്നറിയാമായിരുന്നിട്ടും ഉസ്മാന്‍ താക്കോല്‍ നല്‍കിയില്ല.
എന്നല്ല പ്രവാചകനെ കഠിനമായി ചീത്ത വിളിക്കുകയും ചെയ്തു.

എല്ലാം ശാന്തനായി കേട്ടു നിന്ന പ്രവാചകന്‍ ഉസ്മാനോടു പറഞ്ഞു.'ഉസ്മാന്‍ നിനക്കു കാണാം,ഒരു ദിവസം താക്കോല്‍ എന്റെ കയ്യില്‍ വരും.അന്ന് എനിക്ക് ഇഷ്ടമുളളവര്‍ക്ക് ഈ താക്കോല്‍ നല്‍കുവാനുളള അധികാരവും സ്വാതന്ത്ര്യവും എനിക്കുണ്ടായിരിക്കും.' ഖുറൈശികളുടെ മര്‍ദ്ദനങ്ങളും അവഹേളനങ്ങളും സഹിച്ച് ഞെരുങ്ങി കഴിയുന്ന പ്രവാചകന് ഒരു ദിവസം മക്കയുടെ താക്കോലും അധികാരവും കരഗതമാവുമെന്നു കേട്ട ഉസ്മാന്‍ പ്രവാചകന്‍ പറഞ്ഞതിനെ പുഛിച്ചു തളളി.

ഹിജ്‌റ എട്ടാം വര്‍ഷം. ഹുദൈബിയാ സന്ധി ലംഘിച്ച ഖുറൈശികളുമായി ഇനി സന്ധിയില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രവാചകന്‍ മക്ക കീഴടക്കി. ജേതാവെങ്കിലും വിനയാനിതനും നമ്രശിരസ്‌കനുമായി പ്രവാചകന്‍ മക്കയില്‍ പ്രവേശിച്ചു. കഅ്ബാലയത്തിനരികിലെത്തിയ പ്രവാചകന്‍ താക്കോല്‍ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അന്നും താക്കോല്‍ ഉസ്മാനു ബ്‌നു ത്വല്‍ഹയുടെ പക്കല്‍ തന്നെയായിരുന്നു.
താക്കോല്‍ കൈപറ്റിയ പ്രവാചകന്‍ കഅ്ബയുടെ ഉളളില്‍ പ്രവേശിച്ചു. അതിനുളളിലുണ്ടായിരുന്ന വിഗ്രഹങ്ങളെ നീക്കം ചെയ്യാനാവശ്യപ്പെട്ട ശേഷം രണ്ടു റക്അത്ത് നമസ്‌കരിച്ചു. പുറത്തിറങ്ങിയ പ്രവാചകനോട് പിതൃവ്യന്‍ അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്തലിബ് വിശുദ്ധ കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കുകയെന്ന ബഹുമതി തനിക്കും ബനൂ ഹാശിം കുടുംബത്തിനും (പ്രവാചകന്റെ കുടുംബം) നല്‍കാന്‍ വേണ്ടി നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.
നേരത്തേ താന്‍ പ്രവാചകനോട് പെരുമാറിയത് മറന്നിട്ടില്ലാത്ത ഉസ്മാന്‍ താക്കോല്‍ തനിക്കു നഷ്ടപ്പെട്ടതു തന്നെ എന്നുറപ്പിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രവാചകനു ദിവ്യബോധനം ലഭിച്ചു.
'(വിശ്വാസികളേ) അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചു കൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതി പാലിക്കണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 4 അന്നിസാഅ് സൂക്തം 58)

ദിവ്യ ബോധനം ലഭിച്ച പ്രവാചകന്‍ താക്കോല്‍ ഉസ്മാനുബ്‌നു ത്വല്‍ഹയെ ഏല്‍പിച്ചു കൊണ്ട് പറഞ്ഞു.'ഈ താക്കോല്‍ മേലിലും നിങ്ങള്‍ തന്നെ കൈവശം വക്കുക.അക്രമിയല്ലാത്ത ആരും തന്നെ നിങ്ങളില്‍ നിന്നതു പിടിച്ചു വാങ്ങുകയില്ല. 'പ്രവാചകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി കൊണ്ട് ഇതിനകം ഇസ്‌ലാം സ്വീകരിച്ച ഉസ്മാനും അദ്ദേഹത്തിനു ശേഷം സഹോദരന്‍ ശൈബ ബ്‌നു ഉസ്മാനു അബീ ത്വല്‍ഹയും താക്കോല്‍ സൂക്ഷിച്ചു. ഇപ്പോഴും അവരുടെ ഗോത്രം തന്നെയാണ് (ആലു ശൈബ) കഅ്ബയുടെ താക്കോല്‍ സംരക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it