Kottayam Local

തളര്‍ത്തിയ വിധിയെ കാറോടിച്ച് തോല്‍പ്പിച്ച ബിജുവിന് കൃഷിയിലും സംസ്ഥാന അവാര്‍ഡ്



എരുമേലി: വാഹനാപകടത്തില്‍ ഇരുകാലുകളും തളര്‍ന്ന് നിശ്ചലമായ മുക്കൂട്ടുതറ പുരയിടത്തില്‍ ബിജു വര്‍ഗീസ് വിധിയെ ശപിക്കാതെ ജീവിതത്തിന്റെ വിവിധ വഴികളെ ഒന്നൊന്നായി വെട്ടിപിടിക്കുന്നു. സ്വന്തം കാറിന്റെ ഗിയറും ക്ലച്ചും ബ്രേക്കും ആക്‌സിലേറ്ററും കൈകളിലാക്കി കാറോടിച്ച് രാജ്യം ചുറ്റിയെത്തിയപ്പോള്‍ രാഷ്ട്രപതിയുടേത് ഉള്‍പ്പടെ നിരവധി ദേശീയ ബഹുമതികള്‍ നിരനിരയായി ബിജുവിനെ തേടിയെത്തി. വീട്ടില്‍ വീല്‍ചെയറിലിരുന്ന് പറമ്പാകെ പന്തലിട്ട് പച്ചക്കറി കൃഷി നടത്തിയപ്പോള്‍ സംസ്ഥാന കൃഷി വകുപ്പ് അത് ഏറ്റെടുത്ത് കര്‍ഷക പ്രതീക്ഷാ അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറാണ് ബിജുവിന് കര്‍ഷക പ്രതീക്ഷാ അവാര്‍ഡ് നല്‍കിയത്. നടക്കാനാവാത്ത ബിജു പച്ചക്കറി കൃഷി ചെയ്‌തെന്ന് മാത്രമല്ല ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരകനായി മാറിയിരുന്നു. കാര്‍ ഓടിക്കാന്‍ ബിജു നടത്തിയ സാങ്കേതിക മാറ്റത്തിന് രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം ദേശീയ ബഹുമതി നല്‍കി.  ഒപ്പം കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ബിജുവിന്റെ കണ്ടുപിടിത്തം വികലാംഗര്‍ക്കു സ്വന്തമായി വാഹനമോടിക്കാന്‍ സഹായകമായി. രാജ്യത്തെ നൂറുകണക്കിന് അംഗ വിഹീനര്‍ക്ക് വാഹനമോടിക്കാന്‍ ബിജു വീട്ടിലെ വര്‍ക്ക് ഷോപ്പിലിരുന്ന് പണികള്‍ ചെയ്തുകൊടുക്കുന്നതിനിടെയായിരുന്നു പച്ചക്കറി കൃഷിയും.വാഹനങ്ങളില്‍ സാങ്കേതിക മാറ്റം വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ബിജുവിന് അനുമതിയും നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും തുടര്‍ന്ന് ബിജുവിന് അവാര്‍ഡ് നല്‍കി. സ്വന്തം യാത്രക്കു വേണ്ടി വാഹനത്തില്‍ വരുത്തിയ മാറ്റം വികലാംഗര്‍ക്കെല്ലാം പകരാന്‍ ബിജു ശ്രമിച്ചതും വീട്ടിലെ ജൈവ കൃഷിയും രാജ്യത്തെ ഏറ്റവും പോസിറ്റീവ് എനര്‍ജി സമൂഹത്തിനു നല്‍കുന്ന വ്യക്തികളിലൊന്നായി മാറ്റിയാണു നിരവധി അവാര്‍ഡുകള്‍ പിന്നീട് ലഭിച്ചത്. സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ ഇന്ത്യയിലെ ബി പോസിറ്റീവ് വ്യക്തികളിലൊരാളായി ബിജുവിനെ തിരഞ്ഞെടുത്തു. സ്‌കൂളുകളിലും കോളജുകളിലുമൊക്കെ ബിജു ക്ഷണിതാവും വിശിഷ്ടാതിഥിയുമായി തന്റെ അനുഭവങ്ങള്‍ വിവരിച്ച് സമൂഹത്തിന് ഊര്‍ജം പകര്‍ന്നു. ഫേസ്ബുക്കില്‍ ഫ്രണ്ട്‌സ് ലിസ്റ്റും മറികടന്ന് നൂറുകണക്കിനായി ഫോളോവേഴ്‌സും. എല്ലാ നേട്ടങ്ങള്‍ക്കും കാരണമായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അപകടമായിരുന്നെന്ന് ബിജു പറയുന്നത് ഒട്ടും വേദനയില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ്. അന്ന് ബിജു ഓടിച്ച വാഹനം കൊട്ടാരക്കരക്കടുത്ത് വച്ച് മറിഞ്ഞ് കാലുകള്‍ തളര്‍ന്ന് അംഗവിഹീനനായിരുന്നില്ലായെങ്കില്‍ ഇന്ന് രാജ്യം അറിയപ്പെടുന്ന ബിജുവാകില്ലായിരുന്നു. അപകടം ബിജുവിന് ജീവിതസഖിയെയും സമ്മാനിച്ചിരുന്നു. ആശുപത്രികിടക്കയില്‍ ബിജുവിനെ പരിചരിച്ച നഴ്‌സ് ജൂബിയാണ് പ്രണയത്തിലൂടെ ബിജുവിന്റെ ജീവിതപങ്കാളിയായത്. പച്ചക്കറി കൃഷിയില്‍ മണ്ണൊരുക്കാനും വളമിടാനും വെളളമൊഴിക്കാനും വിളവെടുക്കാനും ജൂബിക്കൊപ്പം സഹായവുമായി മകന്‍ ജോര്‍ജുകുട്ടിയുമുണ്ട്. ആദ്യ കൃഷിയുടെ വിളവെടുത്ത് അയല്‍വാസികള്‍ക്ക് നാടന്‍ സദ്യ നല്‍കിയാണ് ബിജു തന്റെ കൃഷിയിലെ വിജയം ആഘോഷിച്ചത്.
Next Story

RELATED STORIES

Share it