തല്‍സ്ഥിതി നിലനിര്‍ത്താനും പിടിച്ചെടുക്കാനും മുന്നണികള്‍

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദുമയിലും തൃക്കരിപ്പൂരും യുഡിഎഫ് മുന്നേറ്റം നടത്തിയിരുന്നു. ഈ സാഹചര്യം വച്ച് നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് തന്നെ ബിജെപി വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരങ്ങള്‍ നടക്കും. നിലവില്‍ ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ എല്‍ഡിഎഫ് മേധാവിത്വത്തിന് അറുതിവരുത്തി യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. മൂന്ന് നഗരസഭകളില്‍ കാസര്‍കോട് യുഡിഎഫും കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എല്‍ഡിഎഫും ഭരിക്കുന്നു. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ യുഡിഎഫും കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനുമാണ്. ജില്ലയിലെ 38 പഞ്ചായത്തുകളില്‍ 17 യുഡിഎഫും 16 എല്‍ഡിഎഫും ഒരിടത്ത് കോണ്‍ഗ്രസ് വിമതരായ ഡിഡിഎഫും നാല് പഞ്ചായത്തുകള്‍ ബിജെപിയുമാണ് ഭരിക്കുന്നത്. ഇതില്‍ പൈവളിഗെ പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരിക്കുന്നു.
സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ നിരത്തി യുഡിഎഫും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എല്‍ഡിഎഫും ഇരുമുന്നണികള്‍ക്കെതിരേ ബിജെപിയും ശക്തമായ പ്രചാരണത്തിന് ഇവിടെ ഇറങ്ങുകയാണ്. ഈഴവ സമുദായത്തിലെ ഏറെ പേരും സിപിഎം, കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ അംഗങ്ങളാണ്. അതിനാല്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി സ്വീകരിക്കുന്ന നിലപാടുകള്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ഒട്ടും സ്വാധീനം ചെലുത്തില്ല.
അടുത്ത തിരഞ്ഞെടുപ്പില്‍ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫിന്റെ ആലോചന. കെ സുധാകരന്‍, സതീശന്‍ പാച്ചേനി തുടങ്ങിയ നേതാക്കളെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്. തൃക്കരിപ്പൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. ലീഗിന്റെ സ്ഥാനാര്‍ഥികളിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it