kannur local

തലോത്തുവയലില്‍ സമരക്കാര്‍ നെല്‍കൃഷിയിറക്കും

കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളി താലോത്ത് വയലില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന എണ്ണ സംഭരണശാലയ്‌ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. വിശാലമായ വയലില്‍ നെല്‍കൃഷിയിറക്കി രണ്ടാംഘട്ട സമരത്തിനിറങ്ങാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി തീരുമാനിച്ചു.
70 ഏക്കര്‍ സ്ഥലത്താണ് നെ ല്‍കൃഷി നടത്തുക. ഇതിനായി 30 പറ തൗവന്‍ വിത്ത് ഒരുക്കിയിട്ടുണ്ടെന്നും കാലവര്‍ഷം ആരംഭിക്കുന്നതോടെ കൃഷിയിറക്കുമെന്നും സമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍ പറഞ്ഞു. കണ്ടങ്കാളി പ്രദേശത്ത് കവ്വായി കായലിനോട് ചേര്‍ന്ന തലോത്തുവയലില്‍ നൂറേക്കര്‍ നെല്‍വയലും തണ്ണീര്‍തടവും നികത്തിയാണ് പെട്രോളിയം സംഭരണശാല നിര്‍മിക്കാനുദ്ദേശിക്കുന്നത്.
പരിസ്ഥിതി ആഘാത പഠനത്തിന്റെയും പൊതുജനങ്ങളി ല്‍ നടത്തിയ തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് പരിഗണിച്ച് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കണമെന്നാണ് സമിതിയുടെ ആവശ്യം. കൃത്യമായ പഠനം നടന്നിട്ടില്ലെന്നും പദ്ധതിക്ക്് നാട്ടുകാര്‍ എതിരാണെന്നും കലക്ടര്‍ മിര്‍ മുഹമ്മദലി സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ നടന്ന പൊതുതെളിവെടുപ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേരാണു പങ്കെടുത്തത്.
എല്ലാവരും പദ്ധതിക്കെതിരേ മൊഴി നല്‍കിയതായും കലക്ടറുടെ റിപോര്‍ട്ടിലുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 334 പെട്രോള്‍ പമ്പുകളിലേക്കുള്ള പെട്രോളും ഡീസലും സംഭരിക്കുന്ന സംഭരണശാലയാണ് കണ്ടങ്കാളിയില്‍ വരുന്നത്. 13 പഞ്ചായത്തുകളെ പദ്ധതി നേരിട്ട് ബാധിക്കും. ഇതിന് 13.21 കോടി ലിറ്റര്‍ ഇന്ധനം പ്രതിമാസം വേണം.
അങ്ങനെ വന്നാല്‍ 44 ലക്ഷം ലിറ്റര്‍ ഇന്ധനം ഒരുദിവസം കണ്ടങ്കാളിയില്‍നിന്ന് പുറത്തേക്ക് പോവണം. ഓരോ അഞ്ചുമിനിറ്റിലും എണ്ണ കയറ്റിയ വലിയ ട്രക്ക് പുറത്തേക്കു പോവും. ഇതിനായി പുഞ്ചക്കാട് സെന്റ് മേരീസ് യുപി സ്‌കൂള്‍ വഴി പുഞ്ചക്കാട് റോഡിലേക്ക് 9.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 30 മീറ്റര്‍ റോഡ് നിര്‍മിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, പുഞ്ചക്കാട്ടുനിന്ന് കുന്നരു വഴിയോ തൃക്കരിപ്പൂര്‍ വഴിയോ ദേശീയപാതയിലേക്ക് ഈ റോഡ് ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ല. ജനസാന്ദ്രതയുള്ള കുന്നരു, കുഞ്ഞിമംഗലം വഴി 30 മീറ്റര്‍ റോഡ് പണിയുമ്പോള്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍ അനിവാര്യമാവും. വാര്‍ത്താസമ്മേളനത്തില്‍ അപ്പുക്കുട്ടന്‍ കാരയില്‍, കെ രാമചന്ദ്രന്‍, കെ വി സുരേന്ദ്രന്‍, പി പി ജനാര്‍ദനന്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it