kannur local

തലശ്ശേരി സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ മല്‍സരം മാറ്റിയേക്കും

തലശ്ശേരി: നഗരസഭ സ്‌റ്റേഡിയത്തില്‍ ഈമാസം 25 മുതല്‍ ഏപ്രില്‍ 14 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫുട്‌ബോള്‍ മല്‍സരം മറ്റൊരു സ്‌റ്റേഡിയത്തിലേക്ക് മാറ്റിയേക്കും. രണ്ടു വര്‍ഷത്തോളമായി അടച്ചിട്ട സ്റ്റേഡിയത്തില്‍ നവീകരണം നടത്തുന്നതിനിടെ ഫുട്‌ബോള്‍ മല്‍സരം നടത്തുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്‌റ്റേഡിയം അനന്തമായി അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കായികപ്രമികളുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും രാവിലെ മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രഭാത സവാരി നടത്തുന്നവരുടെ കൂട്ടായ്മകളും പൗരപ്രമുഖരും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നവീകരണം തുടങ്ങിയത്. എന്നാല്‍ ഈയിടെ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച നാല് കോടി രൂപ ഉപയോഗിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നവീകരണം നടത്തുന്നത്.
ഇതില്‍ രണ്ടു കോടിയോളം രൂപ ചെലവിട്ട് മൂന്നര ഏക്കറോളം വരുന്ന സ്‌റ്റേഡിയത്തിന്റെ ഹൃദയഭാഗം പുല്ലുവച്ച് പിടിപ്പിച്ചിരുന്നു. പുല്ല് കൃത്യമായും സ്‌റ്റേഡിയത്തിനകത്ത് വേരുകള്‍ ആഴ്ന്ന് ഉറച്ചുനില്‍ക്കണമെങ്കില്‍ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ് കരാറുകാര്‍ തന്നെ പറയുന്നത്.
ഇതിനിടെയാണ് മാര്‍ച്ച് മാസത്തില്‍ തന്നെ ഫുട്‌ബോള്‍ മല്‍സരം നടത്താന്‍ നീക്കം നടത്തിയത്. ഇതിനെതിരേ വിവിധ സംഘടനകളും പൗരപ്രമുഖരുമാണ് എതിര്‍പ്പുമായെത്തിയത്.
സ്‌റ്റേഡിയത്തിന്റെ ഹൃദയഭാഗത്ത് നനക്കാന്‍ സ്പ്രിങ്കിള്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. പുല്ല് നനക്കാന്‍ സാധാരണ പൈപ്പുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.
ഇത്തരം പ്രവൃത്തികള്‍ക്കായി പൊതു കമ്മിറ്റികള്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ നാലുകോടിയോളം രൂപ ചെലവഴിച്ച് നടത്തുന്ന സ്‌റ്റേഡിയം പുനര്‍നിര്‍മാണ പ്രവൃത്തി നിരീക്ഷണത്തിന് പൊതുകമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. ഗുണ്ടര്‍ട്ട് പ്രതിമയെ സ്‌റ്റേഡിയത്തിന്റെ മുഖ്യ കവാടത്തില്‍ സ്ഥാപിച്ച് ദേശീയ സ്‌റ്റേഡിയമാക്കി മാറ്റുകയാണെങ്കില്‍ ജര്‍മ്മന്‍ സാമ്പത്തിക സഹായവും പുനര്‍നിര്‍മാണത്തിന് ലഭിക്കും.
അങ്ങനെ ലോകോത്തര ശ്രദ്ധയാകര്‍ഷിക്കുന്ന ഓവല്‍ ആകൃതിയുള്ള അന്താരാഷ്ട്രമാക്കി സ്‌റ്റേഡിയമാക്കി ഉയര്‍ത്താന്‍ കഴിയുമായിരുന്നുവെന്നും കായികപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. ഫുട്‌ബോള്‍ മല്‍സരം മെയ് മാസത്തിലും നടത്താമെന്നിരിക്കെ മാര്‍ച്ചില്‍ തന്നെ നടത്താനുള്ള താല്‍പര്യം സംശയാസ്പദമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it