kannur local

തലശ്ശേരി-മാഹി ബൈപാസ്: ഭൂഉടമകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

മാഹി: നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂഉടമകള്‍ അധികൃതരുടെ വഞ്ചനയ്‌ക്കെതിരേ വീണ്ടും പ്രക്ഷോഭത്തിലേക്ക്. നാളെ രാവിലെ 10ന് അഴിയൂര്‍ വില്ലേജ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തും. നാമമാത്ര തുക നല്‍കി കുടിയൊഴിപ്പിക്കാനുള്ള റവന്യു അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. ജനപ്രതിനിധികളും സര്‍വകക്ഷി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ച് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്യും.
അതേസമയം അഴിയൂരില്‍ ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാണെങ്കിലും മുഴപ്പിലങ്ങാട് മുതല്‍ തലശ്ശേരി വരെയുള്ള സ്ഥലങ്ങളിലെ അഞ്ചരക്കണ്ടി, ധര്‍മടം, കുയ്യാലി പുഴകള്‍ക്ക് കുറുകെ പാലം നിര്‍മാണത്തിന്റെ ഭാഗമായി പൈലിങ്ങും ഡ്രഡ്ജിങും ഉള്‍പ്പെടെയുള്ള പണികള്‍ പുരോഗമിക്കുകയാണ്. കുട്ടിമാക്കൂല്‍-കണ്ടിക്കല്‍ റോഡ് ഭാഗത്ത് ദീര്‍ഘദൂരത്തില്‍ മണ്ണിട്ടുകഴിഞ്ഞു.
18.6 കിലോമീറ്റര്‍ റോഡ് മൂന്നുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടത്. മാഹി പുഴയ്ക്ക് കുറുകെയാണ് ഏറ്റവും വലിയ പാലം നിര്‍മിക്കേണ്ടത്. 870 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുക. പുതുച്ചേരി സംസ്ഥാനത്തില്‍പെട്ട മാഹിയില്‍ ഇനിയും നഷ്ടപരിഹാരം കിട്ടേണ്ടവര്‍ നിരവധിയുണ്ട്. ഡെപ്യൂട്ടി കലക്ടര്‍, കോംപിറ്റന്റ് അതോറിറ്റി ചില രേഖകളില്‍ സംശയമുള്ള ഭൂഉടമള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. ഹൈവേ അതോറിറ്റി ബാങ്കില്‍ നിക്ഷേപിച്ച പണം അവിടെത്തന്നെ കിടക്കുകയാണ്. ഡെപ്യൂട്ടി കലക്ടറുടെ നിരുത്തരവാദത്തില്‍ ചില ഭൂഉടമകള്‍ ദുരിതം അനുഭവിക്കുകയാണ്.
അടുത്ത ദിവസം മാഹി ഭാഗത്തും പണിയാരംഭിക്കുമെന്ന സുചനയുമുണ്ട്. തലശ്ശേരി, മാഹി ടൗണുകള്‍ തൊടാതെ പോവുന്ന ബൈപാസ് യാഥാര്‍ഥ്യമായാല്‍ അഴിയൂരില്‍ നിന്ന് മുഴപ്പിലങ്ങാട്ടെത്താന്‍ 20 മിനിട്ട് മതിയാവും. ഇപ്പോള്‍ ഇവിടെയെത്താന്‍ ഒരു മണിക്കൂറിലധികം സമയം ആവശ്യമാണ്. ഇതുസംബന്ധിച്ച കണ്‍വന്‍ഷനില്‍ ആയിഷ ഉമര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ പറമ്പത്ത്, രാജേഷ് അഴിയൂര്‍, പ്രദീപ് ചോമ്പാല, കെ പി ഫര്‍സല്‍, എം റാസിഖ്, ഷുഹൈബ് അഴിയൂര്‍, കെ പി ജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it