kasaragod local

തലയടുക്കത്ത് ഖനനം പുനരാരംഭിക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍



നീലേശ്വരം: ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഖനനം പുനരാരംഭിക്കുന്നു. കെസിസിപിഎല്‍ ഖനനം ഉപേക്ഷിച്ച കരിന്തളം തലയടുക്കത്താണ് പദ്ധതി തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂര്‍ പാപ്പിനിശേരിയിലെ ഹെഡ് ഓഫിസില്‍ നിന്നും എത്തിയ കെസിസിപിഎല്‍ ഉദ്യോഗസ്ഥ സംഘം പോലിസ് സഹായത്തോടെ അടച്ചുപൂട്ടിയ ഖനനത്തിന്റെ ഗേറ്റ് തുറന്ന് സ്ഥലപരിശോധന നടത്തി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി നല്‍കിയ നിര്‍ദേശപ്രകാരം നീലേശ്വരം എസ്‌ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് സുരക്ഷയോടെയാണ് കെസിസിപിഎല്‍ എംഡിയും മാനേജരും ഉള്‍പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഖനനപ്രദേശത്തേക്ക് കടന്നത്. ഇവിടെ ഇപ്പോള്‍ പോലിസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘം തിരിച്ചുപോയ ഉടന്‍ കര്‍മ സമിതിയില്‍പ്പെട്ട നിരവധി പ്രവര്‍ത്തകര്‍ എത്തി തുറന്ന ഗേറ്റ് അടച്ചുപൂട്ടി.ഒരു വര്‍ഷക്കാലത്തോളം ഇവിടെ ഖനനം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഖനനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് പലവട്ടം ഖനന നീക്കവുമായി കെസിസിപിഎല്‍ രംഗത്ത് വന്നുവെങ്കിലും ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ നേതൃത്വത്തില്‍ വീണ്ടും ഖനനം നടത്താനായി നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ ജനകീയ സമിതി ഭാരവാഹികളും പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വീണ്ടും ജനകീയ സമിതിയെയും പഞ്ചായത്ത് ഭരണസമിതിയെയും ചര്‍ച്ചക്കായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയും ജനകീയ സമിതി ചെയര്‍മാന്‍ അഡ്വ. കെ കെ നാരായണനും സര്‍ക്കാറിന്റെ ക്ഷണം നിരസിച്ചു. ഇതോടെയാണ് ഖനനം നടത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി യന്ത്രോപകരണങ്ങള്‍ നീക്കം ചെയ്തത്.എന്നാല്‍ യന്ത്രോപകരണങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയതെന്നാണ് കെസിസിപിഎല്‍ അന്ന് വിശദീകരിച്ചത്. അതിനു ശേഷമാണ് വീണ്ടും പോലീസ് സഹായത്തോടെ ഖനനപ്രദേശം തുറന്ന് പരിശോധന നടത്തിയത്. താമസിയാതെ ഇവിടെ പ്രവൃത്തികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഖനനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പെടെയുള്ള തൊഴിലാളികളുടെ നേതൃത്വത്തില്‍ പാപ്പിനിശേരിയിലെ കമ്പനിക്ക് മുന്നില്‍ സമരം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് ഖനനപ്രദേശം തുറന്ന് എംഡി ഉള്‍പെടെയുള്ള സംഘം പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it