തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു

പുതുക്കാട്: തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു. വരന്തരപ്പിളളി കലവറക്കുന്ന് സ്വദേശി തിരുവഞ്ചികുളം രവീന്ദ്രന്റെ മകന്‍ യോഗേഷ് (40) ആണു മരിച്ചത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണു യോഗേഷ് മരിച്ചത്.
കോടാലി ശ്രീധരന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്ന് മൂന്നുകോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. കഴിഞ്ഞ 10ന് വരന്തരപ്പിള്ളി പൗണ്ടില്‍ നിന്നാണു യോഗേഷിനെ തമിഴ്‌നാട് മധുക്കരൈ പോലിസ് പിടിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വരാക്കര പുളിച്ചുവട് മടവാക്കര വീട്ടില്‍ മണികണ്ഠന്‍, നന്തിപുലം മാപ്രാണത്തുകാരന്‍ ടിന്‍സണ്‍, പാലപ്പിള്ളി സ്വദേശി ശരീഫ്, പീച്ചി സ്വദേശി ധനേഷ് എന്നിവരെയും ഇതേ കേസില്‍ മധുക്കരൈ പോലിസ് പിടികൂടി. ഇവരെ കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട് പോലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ ജയിലില്‍ വച്ച് ശ്വാസതടസ്സം നേരിട്ട യോഗേഷിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നു വീട്ടിലേക്ക് ഫോണ്‍ വരികയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുംമുമ്പെ മരണം സംഭവിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് കസ്റ്റഡിയില്‍ നടന്ന ക്രൂരമര്‍ദനമാണ് മരണകാരണമെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറാണ് യോഗേഷ്. ഭാര്യ: ബിന്ദു. വിദ്യാര്‍ഥികളായ കാശിനാഥ്, ദേവനന്ദ, ആദിത്ത് എന്നിവരാണു മക്കള്‍.
Next Story

RELATED STORIES

Share it